ഷാജി ആലുവിള

ചില ദിവസങ്ങളായി കണ്ടും കേട്ടും ഇരിക്കുന്ന ഒരു വാർത്തയാണ് പെന്തക്കോസ്തു സഭക്കെതിരെയുള്ള സഹോദരൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. അത് അദ്ദേഹം സ്വയം പറഞ്ഞതാണോ അതോ ഒരു സമുദായത്തിന്റെ നേതാവ് എന്ന നിലയിൽ പെന്തക്കൊസ്ത്തിനെ അപമാനിച്ചതാണോ എന്ന് എനിക്കറിയില്ല.
എന്തായാലും അവസരത്തിനൊത്ത് സ്ഥാനമാനങ്ങൾക്ക് വേണ്ടി അവസരവാദിയായി തീരുന്ന ഒരു പ്രകൃതമാണ് അദ്ദേഹത്തിനുള്ളത്. അത് കൊണ്ട് ആ പ്രസ്താവന ഒരു കഴമ്പും ഇല്ലാത്തതാണ്.
സഹോദരൻ നടേശൻ സാബ് പറഞ്ഞ പ്രസ്താവന ഫെബ്രുവരി 12 നുള്ള കേരളകൗമുദിയിലും വന്നിരുന്നു. അത് വെള്ളാപ്പള്ളി പറഞ്ഞതല്ല. എസ്.എൻ.ഡി.പി. യുടെ ഒരു ശാഖ (ആലപ്പുഴ ജില്ലയിൽ) നടത്തിയ സമ്മേളനത്തിലെ വാർത്തയാണ്.
അതിൽ പറയുന്നത് “സാമ്പത്തികമായി പിന്നോക്കവസ്ഥ അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി വലിയ രീതിയിലുള്ള പ്രലോഭനങ്ങൾ നൽകി മത പരിവർത്തനം നടത്തുന്നവരെ നേരിടാൻ സമുദായ നേതൃത്വം തയ്യാറാണ്”. ആര് നടത്തി? ആര് പണം വാങ്ങി? എന്നൊന്നും ആ പത്രക്കുറിപ്പിൽ പറയുന്നില്ല. ഇങ്ങനെ മത പരിവർത്തനം ആര് നടത്തിയാലും അത് തെറ്റാണ്. നിയമപരമായി അതിനെ നേരിടുക.
അശോക ചക്രവർത്തിയുടെ കാലത്ത് ദക്ഷിണേന്ത്യയിൽ വന്ന ആര്യാധിനിവേശത്തോടെ ബുദ്ധ മിഷനറിമാർ കേരളത്തിലെ അനേകരെ ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തി. കുറെക്കാലം കഴിഞ്ഞപ്പോൾ അതായത് ആര്യാധിനിവേശത്തിനു ശേഷം നൂറ്റാണ്ടുകൾക്കൊണ്ട് അവർ മുഴുവനായും വീണ്ടും പഴയ കുലാചരങ്ങളിലേക്ക് മടങ്ങി എന്നും കരുതപ്പെടുന്നു. ഇവരുടെ പിൻഗാമികളാണ് ഈഴവർ. ചുരുക്കി പറഞ്ഞാൽ ബുദ്ധമതക്കാരുടെ പാരമ്പര്യമാണ് ഇവർ അവകാശപ്പെടുന്നത്. ഈഴത്ത് (ശ്രീലങ്ക) നിന്ന് വന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തി ഇവരെ ഈഴവരക്കി എന്നും ചരിത്രം പറയുന്നു.

അപ്പോൾ പരിവർത്തനം തുടങ്ങിയത് പെന്തക്കോസ്തുകാരല്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കണം. അന്നൊന്നും പ്രത്യാഘാതം ഉണ്ടായില്ലല്ലോ. പിന്നെ നിങ്ങൾ പ്രചരിപ്പിക്കുന്നപോലെ പണം കൊടുത്തും അതിനായി പ്രലോഭിപ്പിച്ചും ആരെയും മതം മാറ്റുന്നവരല്ല പെന്തക്കോസ്ത്തുകാർ. കാശുതരാം പെന്തക്കോസ്തിൽ വായോ എന്ന് പറയാൻ ഞങ്ങളാരും നോട്ടടിക്കുന്നവരല്ല. പിന്നെ നിങ്ങളിൽ നിന്നും ലഭിക്കാത്ത ആത്മീയ സന്തോഷവും സമാധാനവും എവിടെയെങ്കിലും കിട്ടിയാൽ അവർ മറ്റു വിശ്വാസങ്ങളിലേക്ക് പോകും.
പോർച്ചീസുകാരുടെയും ഡച്ചുകാരുടെയും കാലത്ത് ഈഴവ സമൂഹം ഉൾപ്പെടെയുള്ള പിന്നോക്കവിഭാഗങ്ങൾ കത്തോലിക്കാ സഭാ വിശ്വാസത്തിലേക്ക് പോയതായി ചരിത്രം പറയുന്നു. കേരളത്തിലുള്ള മിക്ക ക്രൈസ്തവ സഭകളിലേക്കും മനം മാറിയവർ പോയിട്ടുണ്ട്. 1850-കളില് ഈഴവരിൽ നിന്നും അനേകർ സിഎംഎസ് സഭയിലേക്ക് ചേർന്നതായും പറയുന്നു. പെന്തക്കോസ്ത്തിലേക്ക് മനം മാറി ജനം കടന്നുവരാൻ തുടങ്ങിയിട്ട് പെന്തക്കോസ്ത് സഭയോളം പഴക്കമുണ്ട്. അല്ലാതെ വെള്ളാപ്പള്ളിയുടെ കാലം മുതലല്ല എന്നോർക്കണം.
പ്രമുഖരായ ഒരുപാട് മത നേതാക്കന്മാർ നമ്മുടെ കേരളത്തിൽ പണ്ട് ഉണ്ടായിരുന്നു. ഇപ്പൊഴുമുണ്ട്. നവോത്ഥാനത്തിനു വേണ്ടി പോരാടിയ ശ്രീനാരായണ ഗുരു അതിൽ പ്രധാനിയായിരുന്നു. അവരാരും സഹോദരൻ വെള്ളാപ്പള്ളി പറഞ്ഞതുപോലെയുള്ള നിലവാരം ഇല്ലാത്ത പ്രസ്താവന നടത്തിയിട്ടില്ല. നടേശൻ സാർ അങ്ങ് ഒന്ന് മനസ്സിലാക്കണം നമ്മുടെ രാഷ്ട്രീയ നേതാക്കൾ, ചില മന്ത്രിമാർ സിനിമാ നടീനടന്മാർ എന്നിവർ മാനസികമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ആശ്വാസം ലഭിക്കുവാൻ പ്രാർത്ഥിക്കേണ്ടതിനു വേണ്ടി പെന്തക്കോസ്തു പാസ്റ്റർമാരെ സമീപിക്കയും പ്രാർത്ഥിക്കയും ചെയ്യാറുണ്ട്.
അതിന്റെ കാരണം എങ്ങു നിന്നും ലഭിക്കാത്ത ആശ്വാസവും സമാധാനവും യേശുക്രിസ്തു കൊടുക്കുന്നത് കൊണ്ടാണ്. സത്യ സുവിശേഷത്തിന് വേണ്ടി നിൽക്കുകയും അത് മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്യുന്നവരാണ് പെന്തക്കോസ്തുകാർ. ഈ സുവിശേഷം മനുഷ്യനെ സ്വതന്ത്രർ ആക്കും, സമാധാനം കൊടുക്കും, സൗഖ്യമാക്കും, പാപമോചനവും, സ്വർഗ്ഗരാജ്യത്ത് നിത്യവാസവും ഒരുക്കും. ഇതല്ലേ സാറെ മനുഷ്യന് ആവശ്യം. ഞങ്ങളുടെ പ്രേഷിത പ്രവർത്തനംകൊണ്ട് മദ്യപാനികൾ മനസാന്തരപ്പെടും.
അവർ തുടർന്ന് നല്ലവരായി നിലനിൽക്കാൻ അവർ നിന്ന സമുദായത്തിൽ പറ്റില്ല എന്നു ബോധ്യം ഉള്ളതുകൊണ്ട് പെന്തക്കോസ്തു പള്ളിയിൽ ആരാധിക്കുവാൻ പോകും. അത് പണം കൊടുത്തും വീട് കൊടുത്തും അല്ല. സാമൂഹിക സേവനം ചെയ്യുന്നവരാണ് പെന്തക്കോസ്തുകാർ. കോവിഡ് കാലത്തും ജലപ്രളയത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചവരാണ് പെന്തക്കോസ്തുകാർ. അതൊന്നും പെന്തക്കൊസ്തിൽ ആളിനെ കൂട്ടാൻ അല്ലായിരുന്നു. മിക്ക പെന്തക്കോസ്ത് സഭകളും സർക്കാരിന്റെ കയ്യിലേക്ക് സഹായ നിധി എത്തിച്ച് കേരളത്തെ സ്നേഹിച്ചു, സഹായിച്ചു. ഇതൊന്നും കാണാൻ വെള്ളാപ്പള്ളിക്ക് കണ്ണില്ലായിരുന്നോ?
എന്നിട്ടും നിങ്ങൾ ഞങ്ങളെ ആക്ഷേപിക്കുകയും ഞങ്ങളുടെ മിഷനറിമാരെ കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്യുന്നു. ഇത്രയും പകയുണ്ടാകാൻ എന്താണ് കാരണം? പെന്തക്കോസ്തു സഭയിലേക്ക് മാനസാന്തരത്തിനായി ജനം കടന്നുവരും. അവർ വിടുവിക്കപ്പെട്ട് അനുഗ്രഹം പ്രാപിക്കുന്നു. പിന്നീട് അവർ നന്മയുടെ വഴിയിലൂടെ ഒരു പെന്തക്കോസ്തു ദൈവവിശ്വാസിയായി നിൽക്കുമ്പോൾ ധൂർത്തടിച്ചു കൊണ്ടിരുന്ന പണം സൂക്ഷിച്ച് സമ്പാദ്യം വർധിപ്പിക്കും.
അതിലൂടെ വീട് വെക്കുന്നു. വാഹനമെടുക്കുന്നു. മക്കളെ നന്നായി പഠിപ്പിക്കുന്നു. കുടുംബത്തെ നന്നായി പരിപാലിക്കുന്നു. ഇങ്ങനെയുള്ളത് കൊണ്ടാണ് പെന്തക്കൊസ്തു സഭകൾ വളരുന്നത്. അല്ലാതെ പണം കൊടുത്തും പാൽപ്പൊടിയും അമേരിക്കൻ മാവും കൊടുത്തല്ല.
മദ്യത്തിനും മയക്കമരുന്നിനും ലഹരിക്കും എതിരെ കവലകളിൽ ഏത് സമയവും ബോധവൽക്കരണം നടത്തുന്നവരാണ് സാർ ഞങ്ങൾ. ആ സമയത്ത് ഒരാൾ ഒരു സഹായം ചോദിച്ചാൽ കയ്യിലുള്ളത് ഞങ്ങൾ കൊടുക്കും. അതൊന്നും മതപരിവർത്തിനല്ല.
അത് മാനവികതയാണ്.
അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അല്ല നിങ്ങൾക്കത് നന്നായി ബോധ്യം ഉണ്ടെങ്കിൽ അതിന്റെ മേൽ, നടപടി കൈക്കൊള്ളണം. തെളിയിക്കണം. അല്ലാതെ ജനശ്രദ്ധ പിടിച്ചുപറ്റാൻ പെന്തക്കൊസ്തു സഭയിലേക്ക് കുതിര കേറരുത്. ഒരു പൗരന് ഇഷ്ടമുള്ള മത വിശ്വാസത്തിലേക്ക് പോകുവാൻ നമ്മുടെ ഭരണഘടന അനുശാസിക്കുമ്പോൾ എന്തിനാ പണവും പ്രലോഭനവും.
ഇനിയും പെന്തക്കൊസ്തു സഭ വളരും. വളർന്നുകൊണ്ടേയിരിക്കും. നിങ്ങൾ പറയുന്ന നുണക്കഥകൾ വളർച്ചക്കുള്ള വളം മാത്രമാണ്. ഒന്നാം നൂറ്റാണ്ടുമുതൽ ക്രൈസ്തവരെ നശിപ്പിക്കുവാൻ ഭരണാധികാരികൾ കൊന്നുകളയുന്നതുൾപ്പടെ അനേക മൃഗീയ പീഡനങ്ങൾ നടത്തി. എന്നിട്ടും ലോകം മുഴുവനും സഭ വളരുകയായിരുന്നു. കാരണം യേശുക്രിസ്തുവിന് അത്രക്ക് സ്വാധീനം ഉണ്ട് എല്ലാവരിലും.
എല്ലാ മതങ്ങളും ഇവിടെ ആവശ്യമാണ്. മനുഷ്യനെ നേർവഴി കാണിക്കണ്ട മതങ്ങളിൽ നിന്ന് അത് ലഭിച്ചില്ലങ്കിൽ മനുഷ്യർ നേർവഴി അന്വേഷിക്കും. അങ്ങനെയാണ് അനേകർ പെന്തക്കോസ്ത്തിലേക്ക് എത്തുന്നത്. ജീവിതം വഴിമുട്ടിയ ഒരാൾ ആത്മഹത്യക്ക് ഒരുങ്ങിയിരിക്കുമ്പോൾ സുവിശേഷം കേട്ട് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയാൽ- തന്നെ രക്ഷിച്ച യേശു ക്രിസ്തുവിന് വേണ്ടി ശിഷ്ടായുസ് മാറ്റുന്നതിൽ എന്താണ് തെറ്റ്.
സാർ അങ്ങക്കും ഈ യേശു നല്ലവനാണ്. ഇടക്ക് വിശുദ്ധ ബൈബിൾ ഒന്ന് വായിക്കണം. എന്താണ് പെന്തക്കൊസ്ത് എന്ന് പഠിക്കണം. അങ്ങക്കും പെന്തക്കോസ്ത്തിലേക്ക് സ്വാഗതം. നിങ്ങൾക്ക് മാത്രമല്ല അഴിമതിയും ആധാർമികതയും കളഞ്ഞു മനസാന്തരപ്പെട്ട് വരുന്ന എല്ലാവർക്കും പെന്തക്കോസ്ത്തിലേക്ക് സ്വാഗതം.
ഒരു കാര്യം ഉറപ്പ് തരുന്നു ഞങ്ങൾ പെന്തക്കോസ്തു കാർ അങ്ങയ്ക്കു വേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിക്കും. വീണ്ടും നല്ലൊരു നേതാവായി സമാധാനത്തോടെ ജീവിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ.
പിന്നെ കോമഡി കലാകാരന്മാർ വെള്ളാപ്പള്ളിയെ അനുകരിച്ചു മനുഷ്യരെ ചിരിപ്പിക്കുന്നത് കണ്ടിട്ടില്ലേ. അത് പോലെ ഒരു തമാശയായി കണ്ടാൽ മതി ഈ പ്രസ്താവനയും. പണം കൊടുത്ത് നേടുന്നതല്ല പെന്തക്കോസ്ത് പ്രവേശനം. ഇത് വിശ്വാസവും രക്ഷയും മനസ്സിലാക്കി മനസാന്തരപ്പെടുന്നവർക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് പെന്തക്കൊസ്ത് എന്ന് എല്ലാവരും മനസ്സിലാക്കണം. ഇത് സമാധാനത്തിൻ്റെ സന്ദേശവും മാർഗ്ഗവും ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള പ്രസ്താവനകൾക്ക് പെന്തക്കോസ്ത് വിശ്വാസികൾ സമരം നടത്താനും അടിപിടിനടത്താനും ഇറങ്ങില്ല. പക്ഷേ പ്രതികരിക്കും. അത് വിപ്ലവങ്ങളിലൂടെയല്ല എന്ന് മാത്രം. ആർക്കും നേരെ ആക്കുവാൻ വയ്യാത്ത എത്രയോ പേരെ പെന്തക്കോസ്തുകാർ നല്ല മനുഷ്യരാക്കി മാറ്റി. അതാണ്
സുവിശേഷത്തിൻ്റെ പ്രത്യേകത. അവർ പിന്നീട് പെന്തക്കോസ്ത്തിൽ പോകുന്നതിന് തെറ്റ് പറയുവാൻ പറ്റുമോ? അതുകൊണ്ട് ഞങ്ങൾക്ക് നേരേയുള്ള വിഴുപ്പലക്ക് അവസാനിപ്പിച്ച് നശിക്കുന്ന നമ്മുടെ നാടിനെ രക്ഷിക്കാൻ കൈകോർക്കാം. മദ്യം മയക്ക്മരുന്ന്, ലഹരിവസ്തുക്കൾ മൂലം നശിക്കുന്നു നമ്മുടെ നാട്. വീടിന് തീപിടിക്കുമ്പോൾ വാഴ വെട്ടുകയല്ല ഇപ്പോൾ വേണ്ടത് എന്ന് ഓർക്കുക. തീ അണക്കാനുള്ള മാർഗ്ഗം നോക്ക്. നാടും യുവജനങ്ങളും രക്ഷപെടട്ടെ. മതപ്രാന്ത് ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒരു മത നേതാക്കന്മാരും പൊതുപ്രവർത്തകരും ഉണ്ടാക്കി തമ്മിലടിപ്പിക്കരുത്, ആരേയും.




