സാക്രാമെന്‍റോ: പോലീസിനെ വെട്ടിച്ച് മോഷ്ടിച്ച ട്രക്കുമായി മോഷ്ടാവിന്‍റെ മരണപ്പാച്ചിൽ. ഒടുവിൽ അതിസാഹസികമായി പോലിസിന്‍റെ കീഴ്പ്പെടുത്തൽ. കാലിഫോർണിയയിൽനിന്നുള്ള, സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ.
വെളളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പോലീസിന്റെ കണ്ണുവെട്ടിച്ച രക്ഷപ്പെടുന്നതിനിടെ ട്രക്ക് പതിമൂന്നോളം വാഹനങ്ങളെ ഇടിച്ചശേഷം ഒരു കടയുടെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് പൂര്‍ണമായും തകരുകയായിരുന്നു. പോലീസ് പിന്തുടരുന്നതിന്‍റെയും വാഹനം ഇടിക്കുന്നതിന്‍റെയും അടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെളളിയാഴ്ച ഉച്ചയ്ക്ക് 2:41-ഓടെ ഡൗണ്‍ ടൗണ്‍ ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് പ്രതിയെ പോലീസ് പിന്തുടരാന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.
അമിതവേഗതയില്‍ ട്രക്ക് ഓടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. 160 കി.മീ വേഗതയിലാണ് പ്രതി ട്രക്ക് ഓടിച്ചത്. നടപ്പാതകളിലൂടെയും മറ്റും ട്രക്ക് ഓടിച്ച പ്രതി, റോഡിലുള്ള മറ്റ് വാഹനങ്ങളെയും ഇടിച്ചു. ഒടുവില്‍ രണ്ട് കാറുകളില്‍ ഇടിച്ച് നിയന്ത്രണംവിട്ട ട്രക്ക് ഒരു കടയുടെ പാര്‍ക്കിങ് ഏരിയയിലേക്ക് ഇടിച്ചുകയറി പൂര്‍ണമായും തകരുകയായിരുന്നു. തുടര്‍ന്ന് ട്രക്കില്‍ നിന്നിറങ്ങിയ പ്രതി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
വൈകുന്നേരം 3:45 ഓടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഇടിച്ച പൊതുജനങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡെലിവറി ജീവനക്കാരനായ റിക്കാര്‍ഡോ കോളിന്‍ഡെസ് എന്നയാളുടെ ട്രക്കാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
———-




