ക്ഷിണ കൊറിയയിലെ സിയോളില്‍ തിരക്കേറിയ റോഡിനു നടുവിലായി രൂപപ്പെട്ട സിങ്ക്ഹോളില്‍ വീണു ബൈക്ക് യാത്രികൻ മരിച്ചു.
പാർക്ക് എന്നയാളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വാഹനങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന റോഡിനു നടുവിലായി നിമിഷ നേരത്തിനുള്ളിലാണ് ഭീമൻ കുഴി രൂപപ്പെട്ടത്. ഈ കുഴിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികൻ വീഴുകയായിരുന്നു.
റോഡു തകർന്ന് കുഴി രൂപപ്പെടുന്നതിന്റെയും ബൈക്കും യാത്രികനും കുഴിയിലേക് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കിന് മുന്നിലായി സഞ്ചരിച്ച കാർ തലനാരിഴയ്ക്ക് രക്ഷപെടുന്നതും വീഡിയോയില്‍ കാണാം. മാർച്ച് 24ന് ഗാങ്‌ഡോങ് ജില്ലയിലാണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
അപകടം സംഭവിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലില്‍ രണ്ടു മണിക്കൂറിന് ശേഷമാണ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായത്. കുഴിയുടെ ഏകദേശം 30 മീറ്റർ അകലയായാണ് ബൈക്ക് കണ്ടെത്തിയത്. ഏകദേശം 18 മണിക്കൂറിനുശേഷമായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സർക്കാരിന്റെ കണക്ക് അനുസരിച്ച്, കഴിഞ്ഞ പത്ത് വർഷത്തിനിടെ സിയോള്‍ നഗരത്തില്‍ 223 സിങ്ക്‌ഹോളുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഭൂമിയുടെ ഉപരിതല പാളി തകർന്നുണ്ടാകുന്ന കുഴിയാണ് സിങ്ക്ഹോള്‍. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തമായ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം ചെന്നതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പൈപ്പുകള്‍, ദീർഘകാലമായ മണ്ണിടിച്ചില്‍ എന്നിവയാണ് സിങ്ക്ഹോള്‍ രൂപപ്പെടാൻ കാരണമെന്നാണ് വിവരം.



