തന്റെ രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം രാജാവിന് ഉറക്കം നഷ്ടപ്പെട്ടു.
ഇങ്ങനെ പോയാല്‍ തന്റെയും രാജ്യത്തിന്റെയും അവസ്ഥ ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹത്തിന് തോന്നി.
രാജാവിന്റെ ഈ മാനസികാവസ്ഥ ഗുരുവിന് മനസ്സിലായി. ഗുരു രാജാവിനെ കണ്ട് പറഞ്ഞു: അങ്ങ് ഈ സ്ഥാനമേല്‍ക്കുന്നതിന് മുമ്പും ഈ രാജ്യത്ത് പ്രശ്‌നങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടില്ലേ.. അങ്ങ് ജനിക്കുന്നതിന് മുമ്പും ഈ രാജ്യം ഉണ്ടായിട്ടില്ലേ.. അങ്ങേക്ക് ശേഷവും ഈ രാജ്യം നിലനില്‍ക്കും. അങ്ങേക്ക് മുന്‍പും പിന്‍പും ഈ രാജ്യത്തിന് നിലനില്‍പ്പുണ്ടെങ്കില്‍ അങ്ങയോടൊപ്പം ഈ രാജ്യവും ഉണ്ടാകും. രാജാവിന് സമാധാനമായി.
അന്ന് രാത്രി രാജാവ് ശാന്തമായി ഉറങ്ങി. ആരും ഒന്നിന്റെയും സൃഷ്ടാവോ അന്തകനോ അല്ല. എല്ലാം തുടര്‍ച്ചയാണ്. ഒരാള്‍ ജനിച്ചതിന്റെ പേരിലോ മരിച്ചതിന്റെ പേരിലോ കാതലായ ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. സൂര്യനുദിക്കും, അസ്തമിക്കും, മഴ പെയ്യും, വെയില്‍ തെളിയും, എന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം അങ്ങിനെ തന്നെ തുടരും.
നമ്മുടെ സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളുമെല്ലാം ഒരു തുടര്‍ച്ച മാത്രമാണ്. സ്വന്തം വേഷം ഭംഗിയായി ചെയ്യുന്നതിലാണ് അവിടെത്തെ മികവ്. എല്ലാവരേയും തൃപ്തിപ്പെടുത്താനോ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനോ എല്ലാ മത്സരത്തിലും ജയിക്കാനോ ആര്‍ക്കും കഴിയുകയില്ല.
എല്ലാ ദിവസത്തിനും അതിന്റെതായ പ്രശ്‌നങ്ങളും നേട്ടങ്ങളുമുണ്ടാകും. അവയോട് തനതായ രീതിയില്‍ പ്രതികരിക്കുക മാത്രമാണ് പ്രതിവിധി..
അതെ തനിക്ക് ശേഷം പ്രളയമല്ല.. എന്ന് നമുക്ക് ഓര്‍മ്മിക്കാം
– ശുഭദിനം.



