ഗാസ: ഇസ്രായേല്‍ യുദ്ധത്തില്‍ കനത്ത നാശം നേരിട്ട പാലസ്തീനികള്‍ ഹമാസ് വിരുദ്ധ പ്രതിഷേധവുമായി ഗാസാ തെരുവുകളില്‍ പ്രതിഷേധത്തില്‍.
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ തെരുവിലിറങ്ങി. ഹമാസ് അധികാരത്തില്‍ നിന്നും പുറത്തുപോകണമെന്നും നിലവിലെ സംഘഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രവഹിക്കുകയാണ്.
ഗാസ മുനമ്ബിന്റെ വടക്കന്‍ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് പ്രകടനങ്ങള്‍ നടന്നത്, ഏകദേശം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഇസ്രായേല്‍ സൈന്യം ഗാസയില്‍ വീണ്ടും തീവ്രമായ ബോംബാക്രമണം പുനരാരംഭിച്ച് ഒരാഴ്ച കഴിയുമ്ബോഴാണ് ജനക്കൂട്ടം ഹമാസിനെതിരേ ഒത്തുകൂടിയിരിക്കുന്നത്. ‘ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം’, ‘യുദ്ധം നിര്‍ത്തുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രതിഷേധക്കാരുടെ ചിത്രങ്ങളും വീഡിയോകളും ചൊവ്വാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ടു.
‘ഹമാസ് പുറത്തുപോവുക’ എന്നും ‘ഹമാസ് ഭീകരര്‍’ എന്നും ഇവര്‍ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. മുഖംമൂടി ധരിച്ച ആയുധധാരികള്‍ , ചിലര്‍ തോക്കുകളും മറ്റു ചിലര്‍ ബാറ്റണുകളും ഉപയോഗിച്ച പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന വിവരം ആര്‍ക്കും അറിയില്ല. കഴിഞ്ഞദിവസം ടെലിഗ്രാം വഴി പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
ആരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും എന്നാല്‍ ‘യുദ്ധം മതിയായി’ എന്ന സന്ദേശം കൈമാറാന്‍ വേണ്ടിയാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് പേരുവെളിപ്പെടുത്താത്ത ഒരാള്‍ ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. ആളുകള്‍ ക്ഷീണിതരാണെന്നും പറഞ്ഞു. തങ്ങള്‍ക്ക് ഭക്ഷണം കഴിക്കണമെന്ന് പറയുന്നവരും ഉണ്ടായിരുന്നു. ഗാസ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ നിന്നുള്ള പ്രത്യേക ദൃശ്യങ്ങളില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.
‘ജനങ്ങളെ സംരക്ഷിക്കാന്‍ ഗാസയില്‍ ഹമാസ് അധികാരം ഉപേക്ഷിക്കുന്നതാണ് പരിഹാരമെങ്കില്‍, ഹമാസ് എന്തുകൊണ്ട് അത് ചെയ്യുന്നില്ല?’ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം വരെ, അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള ടെലിഗ്രാം സന്ദേശങ്ങള്‍ ബുധനാഴ്ച ഗാസയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ ആളുകളോട് ആഹ്വാനം ചെയ്തു.
2007 മുതല്‍ ഗാസ ഭരിക്കുന്നത് ഹമാസാണ്. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ ഗ്രൂപ്പിനെതിരായ വിമര്‍ശനം വര്‍ദ്ധിച്ചുവരികയാണ്, അതേസമയം ഹമാസിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരെ രാജ്യദ്രോഹികളാണെന്ന് ആരോപിച്ചു. സെപ്റ്റംബറില്‍ പലസ്തീന്‍ സെന്റര്‍ ഫോര്‍ പോളിസി ആന്‍ഡ് സര്‍വേ റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ ഗാസയിലെ പലസ്തീനികളില്‍ 35 ശതമാനം പേര്‍ ഹമാസിനെ പിന്തുണയ്ക്കുന്നതായും 26 ശതമാനം പേര്‍ അതിന്റെ എതിരാളിയായ ഫത്തയെ പിന്തുണയ്ക്കുന്നതായും കണ്ടെത്തിയിരുന്നു.
ഹമാസിനെതിരേ അണിനിരക്കാന്‍ ഇസ്രായേലും ഗാസ നിവാസികളോട് പതിവായി ആഹ്വാനം ചെയ്യുന്നു. ഇസ്രായേലും ഹമാസും തമ്മില്‍ 17 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഗാസ മുനമ്ബ് തകര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് 2 ന് ഇസ്രായേല്‍ പ്രദേശത്തേക്ക് സഹായം എത്തിക്കുന്നത് തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥിതി വീണ്ടും വഷളായി. ഗാസയില്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയ ശേഷം, കുറഞ്ഞത് 792 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ നടത്തിയ ആക്രമണമാണ് യുദ്ധത്തിന് തുടക്കമിട്ടത്. ഇതിന്റെ ഫലമായി 1,218 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ പ്രതികാര സൈനിക ആക്രമണത്തില്‍ ഗാസയില്‍ കുറഞ്ഞത് 50,021 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.



