അവന്റെ പഠനം കഴിഞ്ഞു. തന്നെ അറിവുളളവനാക്കിയ ഗുരുവിന് ദക്ഷിണയായി എന്ത് വേണമെന്ന് ശിഷ്യന്‍ ചോദിച്ചു.
ഗുരു പറഞ്ഞു: ഒരു ഉപയോഗവുമില്ലാത്ത ഏതെങ്കിലുമൊരു വസ്തു മതി. ശിഷ്യന്‍ തന്റെ അന്വേഷണമാരംഭിച്ചു.
ഒരു പിടി മണ്ണ് വാരിയപ്പോള്‍ മണ്ണ് ചോദിച്ചു: ഈ ലോകത്തിലെ എല്ലാ വസ്തുവിന്റെയും ഉത്ഭവം എന്നില്‍ നിന്നാണെന്നറിയില്ലേ…
ശിഷ്യന്‍ കല്ലെടുത്തു. അപ്പോള്‍ കല്ല് ചോദിച്ചു: ഇവിടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് ഞാന്‍ വേണ്ടേ?
ശിഷ്യന്‍ ഒരുപാടലഞ്ഞു. അവസാനം നിരാശനായ ശിഷ്യന്‍ ഗുരുവിനടുത്തെത്തി പറഞ്ഞു: ഗുരോ, ഉപയോഗമില്ലാത്തതായി ഒന്നിനേയും ഞാന്‍ കണ്ടില്ല.
ഗുരു പറഞ്ഞു: ഉപയോഗമില്ലാതെ ഏക വസ്തു നമ്മുടെ ഉളളിലുളള അഹന്തയാണ്. ശിഷ്യന്‍ തന്റെ അഹന്തയെ ഗുരുവിന് സമര്‍പ്പിച്ചു യാത്രയായി..
അനാവശ്യമായതിനെയെല്ലാം മുറുകെ പിടിക്കുകയും അത്യാവശ്യമായതിനെ അവഗണിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും ജീവിതം ഉപയോഗ ശൂന്യമാകാന്‍ കാരണം.
ഏത് ഉത്പാദന പ്രക്രിയയിലും നമുക്ക് മാലിന്യംകാണാം. അത് മറ്റൊരിടത്ത് ഉപയോഗയോഗ്യമാണെങ്കിലും അവയെ തള്ളിക്കളഞ്ഞേ മതിയാകൂ.
അരുതാത്തതും ആഗ്രഹിക്കാത്തതും എല്ലാവരുടെ ചിന്തകളിലും ഉണ്ടാകും. അവയെ കണ്ടെത്താനും ഉപേക്ഷിക്കാനും തയ്യാറാകുന്നിടത്താണ് വിശുദ്ധമായ വഴികള്‍ രൂപപ്പെടുന്നത്.
നമുക്ക് വിശുദ്ധിയുടെ വഴിയേ യാത്ര ചെയ്യാന്‍ ശ്രമിക്കാം
– ശുഭദിനം.



