അയാള്‍ എന്നും അവിടെ അലഞ്ഞുനടന്ന് ഭിക്ഷയാചിക്കുന്നത് അവന് എന്നും കാണുമായിരുന്നു. വേഷം മുഷിഞ്ഞ് പഴകിയതാണെങ്കിലും മുഖത്ത് ഒരു തേജസ്സുണ്ട്.
ഒരുദിവസം അയാള്‍ അവനോട് അഞ്ച് രൂപ കടം ചോദിച്ചു. ചില്ലറയില്ലാതിരുന്നത് കൊണ്ട് അവന് അയാള്‍ക്ക് പത്ത് രൂപ നല്കി. പക്ഷേ, അയാള്‍ അത് വാങ്ങാന്‍ തയ്യാറായില്ല.
തനിക്ക് ബാക്കി തരേണ്ട എന്ന് പറഞ്ഞ് അവന് നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: താങ്കള്‍ക്ക് ബാക്കി തരുന്നതല്ല എന്റെ പ്രശ്നം, ഈ കടത്തുകടക്കാന്‍ എനിക്ക് അഞ്ചുരൂപമതിയാകും.
പക്ഷേ, ബാക്കി അഞ്ച് രൂപ കയ്യിലിരുന്നാല്‍ പിന്നെ അതാരെങ്കിലും മോഷ്ടിക്കുമോ എന്ന ഭയമുണ്ടാകും. കയ്യിലൊന്നുമില്ലെങ്കില്‍ ഏതെങ്കിലും കടത്തിണ്ണയില്‍ സുഖമായി കിടന്നുറങ്ങാം.
നമ്മള് മുഷ്ടിചുരുട്ടി മുറുക്കിപ്പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാന്‍ തയ്യാറായാല്‍ നമുക്ക് ശാന്തമായി ഉറങ്ങാന്‍ സാധിക്കും. അധികമുളളതെല്ലാം സംരക്ഷിക്കാനുളള വ്യഗ്രതയില്‍ സാധനങ്ങളേക്കാള്‍ വിലയുളള സംരക്ഷണമതില്‍ നിര്‍മ്മിക്കാനാകും നാം ശ്രദ്ധിക്കുക.
ഒന്നുമില്ലാത്തവന് ഒന്നിനേയും ഭയപ്പെടേണ്ട ആവശ്യമില്ല. നിധികള്‍ സംരക്ഷിച്ചുവെച്ചിരിക്കുന്നവരേക്കാള് സന്തോഷവും സമാധാനവും അവര്‍ക്കുണ്ടാകും. എല്ലാമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ക്കാണ് പലപ്പോഴും അടിസ്ഥാനാവശ്യങ്ങളായ സ്വസ്ഥതയും സമാധാനവും ഇല്ലാതെവരുന്നത്.
ഒരു സമ്പാദ്യമില്ലെങ്കിലും ജീവിക്കാനാകും എന്ന തിരിച്ചറിവുനേടിയാല് വെട്ടിപ്പിടിക്കാനുള്ള വ്യഗ്രത കുറയും. അതെ, മനസ്സ് വൃത്തിയാക്കുകയാണ് മനഃസമാധാനം നേടുവാനുളള എളുപ്പവഴി.
– ശുഭദിനം.



