കുടുംബാംഗത്തിന്റെ മൃതദേഹം സംസ്കരിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണം; ഒഡിഷയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ക്രിസ്ത്യൻ കുടുംബങ്ങള്‍

ന്യൂഡല്‍ഹി: കുടുംബാംഗത്തിന്റെ മൃതശരീരം അടക്കം ചെയ്യാനായി ഒഡിഷയില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയതായി ആരോപണം.

ആദിവാസി ക്രിസ്ത്യൻ വിഭാഗത്തില്‍ പെട്ട നാല് പേരെയാണ് നിർബന്ധിച്ച്‌ മതം മാറ്റം നടത്തിയത്. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ സിയുനഗുഡ ഗ്രാമത്തിലാണ് സംഭവം. സമുദായ നേതാക്കളുമായും ഗ്രാമവാസികളുമായും സംവദിച്ച ആറ് അംഗ അഭിഭാഷക സംഘത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025 മാർച്ച്‌ 2 ന് കേശബ് സാന്ത എന്നയാള്‍ മരിച്ചപ്പോഴാണ് ആരോപണത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്നാണ് ഗ്രാമത്തിലെ ഹിന്ദു ഗ്രാമവാസികള്‍ ഇവരോട് പറഞ്ഞത്. ഗ്രാമത്തില്‍ 30 ഹിന്ദു കുടുംബങ്ങളും 3 ക്രിസ്ത്യൻ കുടുംബങ്ങളും ആണുള്ളത്. നേരത്തെയും സമാനമായ പ്രശ്ങ്ങള്‍ മേഖലയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2024 ഡിസംബർ 18 ന് പ്രാദേശിക സാന്താള്‍ ആദിവാസി ക്രിസ്ത്യാനിയായ ബുധിയ മുർമു എന്നയാളുടെ ശവസംസ്കാരച്ചടങ്ങുകള്‍ തടഞ്ഞതാണ് ആദ്യത്തെ സംഭവം. സംഘർഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ 12 മണിക്കൂറിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചെങ്കിലും വീണ്ടും സമാനസംഭവങ്ങള്‍ തുടരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ഭരണഘടന പ്രകാരം ക്രിസ്ത്യൻ ആദിവാസികള്‍ക്ക് ശ്മശാന ഭൂമിക്ക് അവകാശമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സർന മാജ്ഹി/മാജ്ഹി പർഗാനയുടെ ബാനറില്‍ ജനക്കൂട്ടം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രശ്ങ്ങള്‍ ഫലപ്രദമായി അവസാനിപ്പിക്കാൻ അധികൃതർക്ക് സാധിച്ചില്ല.

സംഭവത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്ങ്ങള്‍ ആളിക്കത്തിക്കാൻ പ്രാദേശിക മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും പരാതികള്‍ ആരോപണം ഉന്നയിക്കുന്നു. പ്രകോപനപരമായ പത്ര റിപ്പോർട്ടുകളും മറ്റും പ്രശനങ്ങള്‍ കൂടുതല്‍ തീവ്രമാക്കിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു.