കർണാടകയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം അഞ്ചൽ സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിങ്‌ വിദ്യാർത്ഥികൾ മരിച്ചു.

കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിത്രദുർഗ എസ്.ജെ.എം. നഴ്‌സിങ്‌ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം. ചിത്രദുർഗ ജെ.സി.ആർ. എക്സ്റ്റൻഷനു സമീപം ബസുമായി ഇവർ സഞ്ചരിച്ചിരുന്ന ബെെക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.