ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തം; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

ടെല്‍ അവിവ്: ഗസ്സയില്‍ വ്യാപക ആക്രമണത്തിലൂടെ നൂറിലേറെ പേരെ കൊലപ്പെടുത്തി ഇസ്രായേല്‍. ടെല്‍ അവീവിന് നേർക്ക് റോക്കറ്റുകള്‍ അയച്ച്‌ ഹമാസ്, ബന്ദികളെ കൈമാറിയില്ലെങ്കില്‍ സ്ഥിതി ആപത്ക്കരമാകുമെന്ന് ഹമാസിന് യുഎസ് പ്രഡിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഇസ്രായേലിന് നേർക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായി.

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതിനു മറുപടിയായി ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ ഗസ്സ കൂടുതല്‍ യുദ്ധഭീതിയിലാണ്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 110 പേരാണ് ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 153 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരണത്തിന് കീഴടങ്ങിയവരില്‍ കൂടുതല്‍ . റഫയിലും ഖാൻ യൂനിസിലും ബൈത്ത് ലാഹിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്.

വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയില്‍ ഇസ്രായേല്‍ സൈന്യം കരയാക്രമണവും തുടങ്ങി. അതിനിടെ, തെല്‍ അവീവിനുനേരെ റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്‍റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. അധിനിവിഷ്ട ജാഫക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. നെറ്റ്സരിം ഇടനാഴിയുടെ നിയന്ത്രണം കഴിഞ്ഞദിവസം ഇസ്രായേല്‍ സൈന്യം വീണ്ടും ഏറ്റെടുത്തു. തെക്കൻ മേഖലയിലുള്ളവരെ വടക്കൻ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസിനെതിരെ കനത്ത ആക്രമണം നടത്തുന്നതിനൊപ്പം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വിപുലവും ശക്തവുമായ മുന്നണി രൂപപ്പെടുത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പുനല്‍കി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായില്ലെങ്കില്‍ കൂടുതല്‍ വില നല്‍കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

*ഐ. പി. സി പിളരുമോ ?*