സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ പ്രതിഷേധം ഇന്ന് 39ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സമരക്കാർ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.
അതേസമയം ആശമാരുടെ വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദയെ കാണാനായി ഡൽഹിയിലേക്ക് തിരിച്ചു.
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു.
അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ രണ്ട് ചർച്ചകളാണ് തിരുവനന്തപുരത്ത് നടന്നത്. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്.
ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി.




