ഗ്രെയ്റ്റർ നോയിഡയിൽ നടന്നു വരുന്ന ഹാർവെസ്റ്റ് മിഷൻ രജത ജൂബിലി സമ്മേളനത്തിൽ വച്ച് ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയ 6 പാസ്റ്റർമാരെ ആദരിക്കുന്നു. നാളെ രാവിലെ 9 മണിക്കാണ് ആദരിക്കൽ ചടങ്ങ്.
റവ.ഡോ. വി.റ്റി. ഏബ്രഹാം, റവ.ഡോ പാപ്പി മത്തായി, റവ.ഡോ. ആർ. ഏബ്രഹാം, റവ. ജോൺ നൈനാൻ, റവ. പോൾ ഗോപാലകൃഷ്ണൻ, റവ. പി.എം ജോൺസൺ എന്നിവരെയാണ് ഹാർവെസ്റ്റ് അവാർഡ് ഓഫ് എക്സലൻസ് നൽകി ആദരിക്കുന്നത്.

ഏ.ജി.യുടെ കേരളത്തിലെ സീനിയർ ശുശ്രൂഷകനായ വി.റ്റി. ഏബ്രഹാം ദീർഘനാളുകളായി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടായി സേവനമനുഷ്ടിക്കുന്നു. 12 വർഷം എസ്. ഐ.എ.ജി ജനറൽ സൂപ്രണ്ടായിരുന്നു. ആൾ ഇന്ത്യാ അസി. സൂപ്രണ്ടുമായിരുന്നു.

50 വർഷമായി ലക്നൗ കേന്ദ്രമാക്കി പാപ്പി മത്തായി സഭാപ്രവർത്തനങ്ങളിൽ സജീവമാണ്. ഏ.ജി യുടെ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്ട് സൂപ്രണ്ടായി ദീർഘകാലം പ്രവർത്തിച്ചു.

ആർ. ഏബ്രഹാം 50 വർഷമായി ഡൽഹി കേന്ദ്രമാക്കി വടക്കേ ഇന്ത്യയിൽ ‘പ്രവർത്തിക്കുന്നു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ദേശീയ പ്രസിഡൻ്റാണ്. പവ്വർ വിഷൻ മാനേജിംഗ് ഡയറക്ടറും ബെഥെസ്ദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ പ്രസിഡൻ്റുമാണ്.

സുവിശേഷീകരണത്തിൽ 50 വർഷമായി തിളങ്ങി നിൽക്കുന്ന പോൾ ഗോപാലകൃഷ്ണൻ ശാരോൻ സഭയുടെ സീനിയർ ശുശ്രുഷകനാണ്. കുമ്പനാട് സെൻ്റർ പാസ്റ്ററായും സേവനമനുഷ്ഠടിക്കുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

അവാർഡ് ജേതാവായ ജോൺ നൈനാൻ 40 വർഷം മണക്കാല ഫെയ്ത്ത് ബൈബിൾ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു.

ഏ.ജി മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായ പി.എം ജോൺസൺ 50 ലധികം വർഷമായി ദൈവവേലയിലാണ്. പരസ്യയോഗങ്ങളാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട സുവിശേഷീകരണ ഉപാധി. വിവിധ ബൈബിൾ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.
ഹാർവെസ്റ്റ് മിഷൻ കൺവൻഷനോടനുബന്ധിച്ച് മാർച്ച് 15 -ന് രാവിലെ ആദരിക്കൽ ശുശ്രൂഷ നടക്കും.



