ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മൂന്നാം കിരീടം

ദുബായ്: കലാശക്കളിയിൽ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ഇന്നലെ ദുബായ്‌യിൽ നടന്ന ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 49 ഓവറിൽ നാലുവിക്കറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യ ഇത് മറികടന്നു (254/6). മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്. ഇതോടെ കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്ന ടീമെന്ന റെക്കാഡും ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരും നായകന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരും ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നേടിയ ജയമാണിത്. ഇത്തവണ ഒറ്റയാള്‍ പ്രകടനങ്ങളെ അമിതമായി ആശ്രയിക്കാതെ ടീമെന്ന നിലയില്‍ കളിച്ച്‌ ജയിക്കാന്‍ ഇന്ത്യക്കായെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ വലിയ വിമര്‍ശനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറ്റുവാങ്ങുകയാണ്. ഇന്ത്യക്ക് കിരീടം സമ്മാനിക്കേണ്ട സമയത്ത് പിസിബിയുടെ ആരും പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ആതിഥേയരെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ കപ്പ് നേടിയതോടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

ഇത്തവണ പാകിസ്താന്‍ ആതിഥേയരായപ്പോള്‍ അവര്‍ കപ്പ് നേടാമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ കിരീട നേട്ടത്തിലേക്കെത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഒരു ജയം പോലും നേടാതെ നാണംകെട്ട് പുറത്തുപോവുകയും ചെയ്തു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട പ്രകടനമാണ് പാക് ടീം പുറത്തെടുത്തത്.

ഇന്ത്യ ഒരുവശത്ത് തകര്‍ത്ത് കളിച്ചപ്പോള്‍ പാകിസ്താന്റെ നാണക്കേട് വീണ്ടും കൂടി. ഇപ്പോള്‍ ഇന്ത്യ കപ്പിലേക്കുമെത്തിയപ്പോള്‍ പിസിബി ഭാരവാഹികള്‍ മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യക്ക് കപ്പ് നേടിയതിലുള്ള അസൂയയാണിതെന്ന് വ്യക്തം. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഗംഭീരമായി ജയിച്ച്‌ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ കാഴ്ചക്കാരായി ഒതുങ്ങിപ്പോയെന്ന് പറയാം. അതിന്റെ നിരാശയിലാണ് ഇത്തരമൊരു വിട്ടുനിക്കല്‍.

*ഐ. പി. സി പിളരുമോ ?*