നമുക്ക് വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കാന്‍ ശീലിക്കാം

ആ ഗുരുവിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ മുഖത്തേക്ക് തുപ്പി. 

മുഖം തുടച്ചുകൊണ്ട് ഗുരു ചോദിച്ചു:  താങ്കള്‍ക്ക് മറ്റെന്തെങ്കിലും പറയാനുണ്ടോ? ഇത് കേട്ട് മറ്റൊരു ശിഷ്യന്‍ ചോദിച്ചു:  അങ്ങയുടെ മുഖത്തേക്ക് തുപ്പിയവനോട് അങ്ങെന്താണീ ചോദിക്കുന്നത്? 

ഗുരു പറഞ്ഞു:  ഇയാളുടെ ഉളളില്‍ വാക്കുകള്‍കൊണ്ട് പ്രകടപ്പിക്കാനാകാത്തത്രയും ദേഷ്യം എന്നോടുണ്ട്.  അതുകൊണ്ടാണ് തുപ്പിയത്.  എന്തെങ്കിലും ഇനിയും പറയാനുണ്ടെങ്കില്‍ പറയട്ടെ..

ഗുരുവിന്റെ മുഖത്ത് തുപ്പിയ ശിഷ്യന് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. അയാള്‍ പിറ്റേന്ന് രാവിലെയെത്തി ക്ഷമ ചോദിച്ച് ഗുരുവിന്റെ കാല്‍ക്കല്‍ വീണു.  അയാള്‍ കരയാന്‍ തുടങ്ങി. 

ഗുരു പറഞ്ഞു:  നിന്റെയുളളില്‍ ഇപ്പോള്‍ ദേഷ്യത്തിന് പകരം സങ്കടമാണുളളത്.. ഇനിയും നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ  

അയാള്‍ പറഞ്ഞു:  അങ്ങ് ഇത്രയും നാള്‍ എന്നെ സ്‌നേഹിച്ചിട്ടും ഞാന്‍ അങ്ങയുടെ മുഖത്ത് തുപ്പി.  ഇനി ഞാന്‍ അങ്ങയുടെ സ്‌നേഹത്തിന് അര്‍ഹനല്ല. 

ഗുരു പറഞ്ഞു:  നീ തുപ്പാതിരുന്നത് കൊണ്ടല്ല നിന്നെ ഞാന്‍ സ്‌നേഹിച്ചത്, എനിക്കാകെ ചെയ്യാന്‍ അറിയുന്നത് സ്‌നേഹിക്കുക എന്നത് മാത്രമാണ്.  

നമുക്കിടയില്‍ രണ്ടു തരമാളുകളുണ്ട്.  സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നതിന്റെ പേരില്‍ തിരിച്ചു സ്‌നേഹിക്കുന്നവരും.  തിരിച്ചു കിട്ടുന്നത് മടക്കിനല്‍കാന്‍ എല്ലാവര്‍ക്കും കഴിയും.  പക്ഷേ, വ്യവസ്ഥാധിഷ്ഠിതമല്ലാത്ത സ്‌നേഹത്തിന് ചില ഗുണങ്ങളുണ്ട്.  തുലാസില്ലാതെ ഇടപെടാം.  ആരുടേയും പ്രതീക്ഷക്കൊത്ത് പെരുമാറണമെന്നില്ല. അര്‍ഹതയുളളവരെ സ്‌നേഹിക്കാന്‍ ഒരുപാട് പേരുണ്ടാകും. 

എന്നാല്‍ ഒരര്‍ഹതയുമില്ലാത്ത സമയത്ത് ഒരാളെ സ്‌നേഹിക്കാന്‍ കഴിയുമ്പോഴാണ് സ്‌നേഹത്തിന് പൂര്‍ണ്ണത കൈവരുന്നത്.  അതെ, നമുക്ക് വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കാന്‍ ശീലിക്കാം

– ശുഭദിനം