സിറിയയിൽ സർക്കാർ സേനയും അസദ് അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ; 200ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: സിറിയയിൽ സർക്കാർ സുരക്ഷാ സേനയും മുൻ പ്രസിഡൻ്റ് ബഷാർ അൽ-അസദിൻ്റെ അനുയായികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 200ലധികം പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ മേഖലയിൽ ആണ് ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്നത്.

വ്യാഴാഴ്ച മുതൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ കുറഞ്ഞത് 240 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്‌സ് അവകാശപ്പെട്ടു. ഇതിൽ 100 ​​സിറിയൻ സുരക്ഷാ സേന ഉദ്യോഗസ്ഥരും 15 സാധാരണക്കാരും ഉൾപ്പെടുന്നുണ്ട്. വ്യാഴാഴ്ച നടന്ന കൂട്ടക്കൊലയ്കക്ക് പിന്നിൽ അസദിന്റെ വിശ്വസ്തരാണെന്നാണ് ആരോപണം. മൂന്ന് മാസം മുമ്പ് അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മാരകമായ ദിവസമായിരുന്നു വ്യാഴാഴ്ച എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയ പ്രവിശ്യയിലാണ് സംഘർഷം ആരംഭിച്ചത്. അസദിൻ്റെ അനുയായികൾ കഴിഞ്ഞ ദിവസം ആ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ സിറിയൻ സുരക്ഷാ സേനയ്‌ക്കെതിരെ ഒരു സംഘടിത ആക്രമണം നടത്തിയിരുന്നു. ഇതാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വ്യാപിപ്പിച്ചത്.

ഈ പ്രദേശം മുമ്പ് അസദിന്റെ ശക്തികേന്ദ്രമായിരുന്നു, കൂടാതെ സിറിയയിലെ ന്യൂനപക്ഷമായ അലവൈറ്റ് ഇസ്ലാമിക വിഭാഗങ്ങളിൽ പലരും ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. വെള്ളിയാഴ്ച, സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറ ഈ തീവ്രവാദികളോട് “വളരെ വൈകുന്നതിന് മുമ്പ്” ആയുധങ്ങൾ താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു. സിവിലിയന്മാരെ ആക്രമിക്കുകയോ തടവുകാരെ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പുതിയ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.