ലണ്ടൻ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരെ ലണ്ടനില്‍ നടന്ന ആക്രമണ ശ്രമത്തില്‍ അപലപിച്ച് യുകെ. സംഭവത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ഇന്ത്യ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുകെ സുരക്ഷാവീഴ്ചയെ തള്ളിപ്പറഞ്ഞത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. തീർത്തും അസ്വീകാര്യമായ സംഭവമെന്നാണ് യുകെ വിഷയത്തില്‍ പ്രതികരിച്ചത്.
പൊതു പരിപാടികളെ തടസ്സപ്പെടുത്താനോ അവയ്ക്ക് നേരെ ഭീഷണി ഉയർത്താനോ ഉള്ള ഇത്തരം ശ്രമങ്ങള്‍ പൂർണ്ണമായും അസ്വീകാര്യമാണെന്ന് ലണ്ടനിലെ വിദേശ, കോമണ്‍വെല്‍ത്ത് വികസന ഓഫീസ് (എഫ്സിഡിഒ) വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശനത്തിനിടെ ഇന്നലെ ചാത്തം ഹൗസിന് പുറത്ത് നടന്ന സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും വക്താവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം യുകെ ഉയർത്തിപ്പിടിക്കുമ്ബോള്, പൊതുപരിപാടികളെ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ല. പ്രശ്നം പരിഹരിക്കാൻ മെട്രോപൊളിറ്റൻ പോലീസ് വേഗത്തില്‍ പ്രവർത്തിച്ചു, ഞങ്ങളുടെ എല്ലാ നയതന്ത്ര സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങള്‍ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്, അതും ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് അനുസൃതമായി; എഫ്സിഡിഒ വക്താവ് അറിയിച്ചു.
സംഭവത്തില്‍ കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ കേന്ദ്രം ശക്തമായി അപലപിക്കുന്നുവെന്ന് ഇതിന് പിന്നാലെ അറിയിച്ചിരുന്നു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഒരു ചെറിയ കൂട്ടത്തിന്റെ ഈ പ്രവർത്തി ശക്തമായി അപലപിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
“വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയില്‍ സുരക്ഷാ വീഴ്ച നടന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെയും അപലപിക്കുന്നു. അത്തരം സന്ദർഭങ്ങളില്‍ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂർണ്ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും, വിദേശകാര്യ മന്ത്രി ജയശങ്കർ തന്റെ നയതന്ത്ര ഇടപെടലുകള്‍ തുടർന്നു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, മറ്റ് മുതിർന്ന നേതാക്കള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എങ്കിലും ഈ സംഭവ വികാസത്തിന് ശേഷം കനത്ത ജാഗ്രതയിലായിരുന്നു കൂടിക്കാഴ്ചകള്‍.
റോയല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണല്‍ അഫയേഴ്സ് സ്ഥിതി ചെയ്യുന്ന ചാത്തം ഹൗസില്‍, ജയ്ശങ്കറിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യുകെ, അയർലൻഡ് സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്ത്യൻ പതാകയേന്തിയ ഉയരമുള്ള ഒരാള്‍ ബാരിക്കേഡ് തകർത്ത് ജയശങ്കറിന്റെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ശേഷം ഇയാള്‍ ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തു.



