പ്ലസ് ടു വിദ്യാർ‌ത്ഥിനികൾ മുംബയിലേക്ക് പോയത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയോടൊപ്പമെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർ‌ത്ഥികളായ പെണ്‍കുട്ടികള്‍ മുംബയില്‍ എത്തിയതായി സ്ഥിരീകരിച്ച്‌ പൊലീസ്.

ഇവർക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. ഫാത്തിമ ഷഹദ (15), അശ്വതി (16) എന്നിവർ മുംബയിലെ പനവേലില്‍ എത്തിയതായാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ അക്ബർ റഹീം എന്ന യുവാവും ഉണ്ടെന്നാണ് വിവരം.

പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പരിചയപ്പെട്ടതെന്നാണ് അക്ബർ റഹിം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

മുംബയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസിലാക്കിയ റഹിം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. റഹീമിനും മുംബയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം നിലവില്‍ ഇയാള്‍ മുംബയില്‍ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ ട്രെയിൻ മാർഗമാണ് മുംബയിലേക്ക് പോയത്. കുട്ടികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് ട്രെയിൻ മാർഗം മുംബയ് സി.എസ്.ടിയില്‍ എത്തിയെന്നാണ് വിവരം. കുട്ടികള്‍ പിന്നീട് മുംബയ് സി.എസ്.ടിയില്‍ നിന്ന് ഇപ്പോള്‍ പനവേലിലേക്ക് പോയതായും സംശയമുണ്ട് . സമീപമുള്ള സലൂണില്‍ പെണ്‍കുട്ടികള്‍ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.