ഷാജി ആലുവിള

ലോകത്തിൽ ബന്ധങ്ങൾക്ക് വലിയ വിലയാണുള്ളത്. ലോകത്തിലെ ആദ്യബന്ധം ദൈവവും മനുഷ്യനും തമ്മിലായിരുന്നു. ബൈബിൾ പറയുന്നു: “ആദമിന്റെ സൃഷ്ടിപ്പിലൂടെ ദൈവം ആദമിനെ സ്നേഹിക്കുകയും ആ ബന്ധം ആദമിന് തുണയെ ലഭിക്കുവാൻ ഇടയാകുകയും ചെയ്തു.” അന്നുമുതലാണ് കുടുംബ ബന്ധം ഭൂമിയിൽ സ്ഥാപിതമായത്.
അപ്പോഴാണ് കുടുംബ ബന്ധത്തിന്റെ വില ആദമിന് മനസ്സിലായത്. രണ്ടാമത്തെ ബന്ധം കുടുംബ ബന്ധമാണ്. അവിടെയാണ് ബന്ധങ്ങളുടെ ഊഷ്മളത പരിലസിച്ചു വളരേണ്ടത്. ഭാര്യയും ഭർത്താവും അല്ലങ്കിൽ മാതാപിതാക്കൻമാർ തമ്മിലുള്ള സ്നേഹമാണ് കുടുംബ ബന്ധത്തിന്റെ ആസ്ഥിത്വം. തലമുറകളിലേയ്ക്ക് കൈമാറ്റപ്പെടുന്നതും ജീവിതാവസാനം വരെ കത്തുസൂക്ഷിക്കേണ്ടതുമാണ് കുടുംബ ബന്ധം. എന്നാൽ ഖേദമെന്നു പറയട്ടെ ഇന്ന് സ്നേഹത്തിന്റെ ചെങ്ങല അറ്റുപോകുന്നതിനാൽ കുടുംബബന്ധങ്ങൾ പലതും അന്യപ്പെട്ടുപോകുന്നു.

നേട്ടങ്ങൾ മാത്രം നോക്കി ബന്ധങ്ങൾ നിലനിർത്തുന്ന അനേകരുണ്ട്. ആ ബന്ധം താൽക്കാലികം മാത്രം.പരസ്പ്പര സഹായ സഹകരണമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. കാരണം ബന്ധങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ഒരു മനുഷ്യനെന്ന നിലയിൽ കുടുംബബന്ധവും, അയൽബന്ധവും, സാമൂഹിക ബന്ധവും, സുഹൃത്ബന്ധവും നന്നായി വളർത്തികൊണ്ടു വേണം മുന്നോട്ടു പോകുവാൻ.
യേശുക്രിസ്തു പറഞ്ഞു: “അയൽക്കാരനെ നിന്നെപോലെതന്നെ സ്നേഹിക്കണം.” യേശു പറഞ്ഞതും അയൽബന്ധങ്ങളെ നാം സ്നേഹം കൊണ്ട് കാത്തു സൂക്ഷിക്കണമെന്നാണ്. നമ്മുടെ സംസാരം, പെരുമാറ്റം, സഹകരണം അല്ലങ്കിൽ ഇടപെടൽ ഇവയൊക്കെയാണ് മനുഷ്യ ബന്ധങ്ങളെ നിലനിർത്തുന്നത്. അതിൽ നാം അതീവസൂഷ്മത പാലിക്കണം. ബന്ധങ്ങളുടെ അനിവാര്യത വളരെ വലുതാണ്. അതിലുള്ള ആശ്രിതത്വം അമിതമാകാതെയും കുറഞ്ഞുപോകതെയും നാം കാത്തുസൂക്ഷിച്ചാൽ വേഗത്തിൽ ബന്ധങ്ങൾ അറ്റുപോകില്ല. പങ്കുവെക്കലുകൾ സ്വർത്ഥതയായി മാറിയാൽ വ്യക്തിബന്ധം വഴിമാറി സഞ്ചരിക്കും. അത് അപകടം ഉണ്ടാക്കിയെന്നും വരാം.
സൗഹൃദങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്തും തുറന്നുപറയാൻ, സന്താപത്തിലും വേദനയിലും ആശ്വാസം കിട്ടുവാൻ നല്ല ബന്ധങ്ങൾ ആവശ്യമാണ്. എന്നാൽ ഒരിക്കലും കൂടി ചേരാൻ പറ്റാത്ത നിലയിൽ ബന്ധങ്ങൾ അറുത്തു മുറിക്കുന്നവരുമുണ്ട്. അത് മുഖാന്തരം എത്ര അമ്മമാർ കുഞ്ഞുങ്ങളുമായി അത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അല്ലേ ഒരമ്മ രണ്ട് പെൺമക്കളുമായി അതിവേഗം പാഞ്ഞുപോയ ട്രെയിനിൻ്റെ മുന്നിൽ നിന്ന് ജീവിതം അവസാനിപ്പിച്ചത്. വിവാഹബന്ധം ഒഴിഞ്ഞാൽ ജോലി പോലും കിട്ടാതെ ഒറ്റപ്പെട്ടുപോകും എന്നുള്ള നിരാശയാണ് ആ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത്. അവരുടെ സമുദായ നടത്തിപ്പുകാർപോലും അവരെ മരണത്തിലേക്ക് തള്ളിവിട്ടുവോ എന്നാണ് സംശയിക്കുന്നത്.
കുടുംബക്കോടതി വഴി വിവാഹബന്ധം വേർപെടുത്തിയ ദമ്പതികൾ വിധിയിൽ ഒപ്പിട്ടശേഷം പുറത്തേയ്ക്ക് പോകുകയാണ്. ഭാര്യ മുന്നമേ നടന്നു. പെട്ടന്ന് അതിഭയങ്കരമായ കാറ്റും മഴയും തുടങ്ങി. ഭാര്യ കരുതിയിരുന്ന കുട നിവർത്തി മഴ നനയാതെ നടന്ന് നടന്ന് ഒരു മരച്ചുവട്ടിലെത്തി ആരും അവിടെയില്ല. നനഞ്ഞു കുതിർന്നു വരുന്ന ഭർത്താവിനോട് അവർ പറഞ്ഞു: “മഴ നനയല്ലേ പനി പിടിക്കും, മനസ്സുണ്ടെങ്കിൽ കുടക്കീഴിൽ കയറു നനയാതെ നിൽക്കാം”. അതു പറയുമ്പോൾ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ അതനുസരിച്ചു. സാരിയുടെ തുമ്പ് കൊണ്ട് അയാളുടെ തലയും ദേഹവും സ്നേഹത്തോടെ തുടച്ചു. അയാളുടെ കൈ അവരെ ചേർത്തു പിടിച്ചു. നെറുകയിൽ ചുംബിച്ചു. അയാൾ എല്ലാറ്റിനും ക്ഷമ പറഞ്ഞു. കോടതി വേർതിരിച്ച ആ ദാമ്പത്യ ബന്ധം ഒറ്റ വാക്കിൽ അവൾ കൂട്ടിച്ചേർത്തു. വർഷങ്ങൾ അകന്നു നിന്ന അവർ അവിടെ ഒന്നിച്ചു. സന്തോഷമായി വീട്ടിലേയ്ക്ക് പോയി. ക്ഷമിക്കുവാൻ കഴിഞ്ഞാൽ, അല്ല തുടർന്ന് സ്നേഹിക്കുവാൻ കഴിഞ്ഞാൽ പൊട്ടിപ്പോയ ഏത് ബന്ധവും കൂട്ടിച്ചേർക്കാം.

മനുഷ്യ സ്വഭാവമാണ് സമാധാനവും സ്നേഹവും നേട്ടവും കിട്ടുന്നവരിലേയ്ക്ക്- ബന്ധം സ്ഥാപിക്കുകയെന്നത്. പരസ്പ്പരം ആഗ്രഹിക്കുന്ന വിധത്തിലുള്ള ശ്രദ്ധയും സ്നേഹവും പരിചരണവും ലഭിക്കുന്നുവെങ്കിൽ ബന്ധങ്ങൾ വഴുതിപോകില്ല. ഭാര്യഭർതൃബന്ധത്തിൽ അവ കാത്തുസൂക്ഷിച്ചാൽ ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടുപോകുന്നതായിരിക്കും അവരുടെ ബന്ധം. ആത്മാർത്ഥത, സ്നേഹം, വിശ്വാസം, പരമാർത്ഥത എന്നിവയിൽ അധിഷ്ഠിതമായിരിക്കണം നമ്മുടെ ബന്ധങ്ങൾ.
വാശിയും വൈരാഗ്യവുമില്ലാതെ തുറന്നു പറയേണ്ടത് തുറന്നു പറയണം. തെറ്റുകൾ തിരുത്തുകയും ക്ഷമിക്കുകയും ചെയ്യണം. തെറ്റിദ്ധാരണകൾ ഒഴിവാക്കണം. അങ്ങനെയെങ്കിലേ ബന്ധങ്ങൾ നിലനിർത്തി ജീവിതചുവടുകൾ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കു. ബന്ധങ്ങളാണ് ജീവിതത്തെ അർത്ഥവും സുന്ദരവും ആക്കുന്നത്. അതിനാൽ വിലകൊടുത്ത് ബന്ധങ്ങളെ നിലനിർത്തണം. അതിന് നിർവ്യജസ്നേഹം അനിവാര്യമാണ്.
കുടുംബ ബന്ധത്തിന്റെ വേര് മുറിച്ച് നാട് വിട്ടുപോയ ധൂർത്തപുത്രനെ നമുക്കറിയാം. സുബോധം വന്നപ്പോൾ പിതാവിന്റെ സ്നേഹവും ബന്ധവും അവനോർത്തു. അപ്പോൾ അവൻ അനുതപത്തോടെ തിരികെ ചെന്നു. കുടുംബ ജീവിതത്തിന്റെ ഊഷ്മളത മറന്ന് കഷ്ടങ്ങളിൽ ഇയ്യോബിനെ വിട്ടുപോയ ഭാര്യയെയും നമുക്കറിയാം. പിതൃബന്ധം മറന്ന് ദവിദിന് എതിരായി നിന്ന് പെട്ടന്ന് പട്ടുപോയ അബ്ശാലോമിനെയും നമുക്ക് പരിചയമുണ്ട്. ഗുരുശിഷ്യ ബന്ധം മറന്ന് യേശുവിനെ ഒറ്റു കൊടുത്ത യൂദായിസ്കരിയൊത്തവിനെയും നന്നായി നമുക്കറിയാം. ഇങ്ങനെ തകർന്നു പോകുന്ന ഒരുപാടു ബന്ധങ്ങൾ ഇന്നും ഉണ്ട്. എല്ലാം നഷ്ടപ്പെട്ടപ്പോൾ നവോമിക്കൊപ്പം നിന്ന രൂത്തിന്റെ നിർവ്യാജ ബന്ധം ആരും മറക്കരുത്. വൈവിധ്യമാർന്ന ബന്ധങ്ങളാൽ വലയം ചെയ്ത് നമ്മുടെ ബന്ധങ്ങളെ സ്നേഹത്തിലും ആത്മാർത്ഥതയിലും കാത്തുസൂക്ഷിച്ച് മുന്നേറാം.

കുടുംബത്തിൽ മക്കളെ കേൾക്കുവാനോ, അവരുമായി സമയം ചിലവിടുവനോ മാതാപിതാക്കന്മാർക്ക് സാധിക്കുന്നില്ല. അവർക്ക് ലഭിക്കേണ്ട സ്ഥാനവും ലാളിത്യവും സ്നേഹവും കുറഞ്ഞു പോകുന്നു. കുട്ടികളുടെ മേൽ നിയന്ത്രണം ആവശ്യമാണ്. പക്ഷേ അത് കഠിനമായാൽ കുട്ടികളും അതിര് വിട്ട് പോകും. മനുഷ്യബന്ധങ്ങളുടെയൂം അതിൻ്റെ ആഴമേറിയ സദ്ധ്യതകളോടുള്ള മനോഭാവം വികലമാക്കാതെ സൂക്ഷിക്കണം, അത് അവരെ പഠിപ്പിക്കണം. ആർക്കും ആരെയുമറിയുവാൻ അഗ്രഹാമില്ലാത്ത ഒരവസ്ഥയാണ് ഇപ്പൊൾ. അടുത്ത ബന്ധങ്ങളെ പോലും അറിയാത്ത ഒരു കാലമാണ് ഇപ്പൊൾ. മനുഷ്യ ബന്ധങ്ങളെ പാടേ മറന്ന് ലഹരിയുടെയും അക്രമങ്ങളുടെയും പിന്നാലെ പായുന്ന തലമുറയെ എങ്ങനെയും നാം നേടിയെ പറ്റൂ. ഇല്ലായെങ്കിൽ രാജ്യത്തിൻ്റെ നട്ടെല്ലാകുന്ന യുവ തലമുറ നശിക്കുകയും ആത്മഹത്യയും കൊലപാതകങ്ങളും കലാപങ്ങളും വർദ്ധിക്കും.
കുട്ടിക്കളിയിൽ നിന്ന് കൊലപാതകത്തിലേക്ക് പോകുന്ന സംഭവങ്ങൾ നമ്മെ അസ്വസ്ഥമാക്കുന്നു. കലാലയങ്ങൾ കലാപത്തിൻ്റെയും ഗുണ്ടായിസത്തിൻ്റെയും നേർക്കാഴ്ചയായി മാറുന്നു. അവിടെ സഹപാഠികൾ തമ്മിലടിച്ചു കൊലപാതകം നടത്തുന്നു. ഏത് മതവിശ്വാസിയുടെയും വീട്ടിൽ ഒരു കാലത്ത് പ്രാർത്ഥനയും ആരാധനയും പ്രഭാതത്തിലും സന്ധ്യക്കും ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറ്റിവെച്ചിട്ട് മതത്തിനോടുള്ള ലഹരി കൂടി, മത വിദ്വേഷവും, വൈരാഗ്യവും വർദ്ധിച്ചു. മത വിശ്വാസികൾ തമ്മിൽ അടിയും പകപോക്കലും കൊലപാതകവും വർധിച്ചതോടെ കുട്ടികളുടെ ഇടയിൽ ഈശ്വര ഭയം നഷ്ടമായി. ഇതിന് മതനേതാക്കന്മാർക്കും ചില രാഷ്ട്രീയ നേതാക്കന്മാർക്കും പങ്കുണ്ട് എന്നുള്ളത് സത്യമാണ്. അങ്ങനെയെങ്കിൽ ഈ നാടിൻ്റെ നാശത്തിൽ എല്ലാവർക്കും പങ്കുണ്ട്. അനുനിമിഷങ്ങളിലും കേൾക്കുന്ന വാർത്ത നമ്മെ വേദനിപ്പിക്കുന്നു.

നമ്മൾ മനുഷ്യരാണന്നും എല്ലാവർക്കും ഇവിടെ ജീവിക്കണമെന്നും നാം ചിന്തിക്കണം. ചെറിയ വാക്കുകളുടെ ആരംഭം വലിയ തർക്കത്തിലും അക്രമത്തിലും എത്തി കൊലപാതകത്തിൽ അവസാനിക്കുന്നു. ലഹരിയുടെ അതിപ്രസരം ഇതിൻ്റെ പിന്നിലുണ്ട്. ഒന്നിനെയും പേടിയില്ല, ആരെയും ഭയവും ബഹുമാനവുമില്ല.
മാറണം നമ്മുടെ സമൂഹം, മാറ്റണം ചില ചട്ടങ്ങൾ. ലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ സെമിനാറുകളും പ്രചരണങ്ങളും നടത്തണം. സാമൂഹിക സംഘടനകളും എല്ലാ മത സംഘങ്ങളും ലഹരിക്കെതിരായി സന്ദേശ യാത്രകളും ക്ലാസുകളും ഒരുക്കണം. സഭാ സംഘടനകൾ ഒന്നായി മുന്നിട്ടിറങ്ങണം. വീടുകൾ മദ്യശാല ആക്കുന്നവർ കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നു എന്നത് മറക്കരുത്. കുടുംബം ദേവാലയം ആകട്ടെ അപ്പോൾ വീട് സ്വർഗ്ഗം ആകും.
ഹൃദയങ്ങൾ ദൈവാലയം ആകുവാൻ, ബന്ധങ്ങൾ വിശുദ്ധമാകുവാൻ ദൈവം ഓരോ ഹൃദയങ്ങളിലും വസിക്കട്ടെ. ബന്ധങ്ങൾ ദൃഢമാകുവാൻ രക്തബന്ധവും അയൽബന്ധവും സാമൂഹിക ബന്ധവും കാത്ത് സൂക്ഷിക്കണം.
ലഹരി വിമുക്ത ഭാരതം പടുത്തുയർത്തുവാൻ കഴിവതും പ്രയക്ത്നിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. സ്വപ്നം കാണുന്ന ഭാരതം വാക്കിൽ ഒതുങ്ങുമോ അതോ നിവർത്തിയാകുമോ? ലഹരിക്കെതിരെ ജനകീയ പ്രസ്ഥാനങ്ങൾ ഉണ്ടാകണം. ബന്ധങ്ങൾ നിലനിർത്തി ഒന്നായ് കൈകോർക്കാം നമ്മുടെ നാട് നന്നാകുവാൻ.



