ഡ്രൈവർക്ക് മുൻ മുഖ്യമന്ത്രിയുടെ മകളുടെ അസഭ്യ വർഷവും ചെരിപ്പുകൊണ്ടുള്ള അടിയും; വീഡിയോ വൈറലായതോടെ വിശദീകരണം

ഗുവാഹത്തി: അസം മുന്‍മുഖ്യമന്ത്രിയുടെ മകള്‍ ഡ്രൈവറെ മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. അസം ഗണപരിഷത് നേതാവ് പ്രഫുല്ല കുമാര്‍ മഹന്തയുടെ മകള്‍ പ്രജോയീത കശ്യപാണ് ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദിസ്പുരില്‍ അതീവസുരക്ഷാമേഖലയിലെ എം.എല്‍.എ. ഹോസ്റ്റലിനുള്ളിലാണ് സംഭവം. പ്രജോയീതയുടെ മുന്‍പില്‍ ഡ്രൈവര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പ്രജോയീത രംഗത്തെത്തി. ഡ്രൈവര്‍ മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നും അതിനാലാണ് താന്‍ അത്തരത്തില്‍ പെരുമാറിയതെന്നും പ്രജോയീത കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി തന്റെ കുടുംബത്തിനു വേണ്ടി ജോലിചെയ്യുന്നയാളാണ് ആ ഡ്രൈവർ. എന്നാല്‍ അയാള്‍ എല്ലായ്‌പ്പോഴും മദ്യപിക്കുകയും കമന്റടിക്കുകയും ചെയ്യാറുണ്ടെന്നും പ്രജോയീത പറഞ്ഞു. എല്ലാവര്‍ക്കും അത് അറിയാം. അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുകയും അങ്ങനെ ചെയ്യരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഇന്ന് എന്റെ വീട്ടുവാതിലില്‍ വന്ന് അടിക്കാന്‍ തുടങ്ങിയതോടെ എല്ലാ പരിധിയും കടന്നു, പ്രജോയീത കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്തുകൊണ്ട് പോലീസിന് പരാതി നല്‍കിയില്ലെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പ്രജോയീത നല്‍കിയില്ലെന്നും പകരം ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളെ കുറ്റപ്പെടുത്താനുള്ള പ്രവണതയ്‌ക്കെതിരേ അവര്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഡ്രൈവര്‍ സര്‍ക്കാര്‍ ജീവനക്കാരനാണോ അതോ കുടുംബം നിയമിച്ചയാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.