കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

റോഹ്തക്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹരിയാണ പോലീസ്. ഹിമാനിയുടെ ഫോണ്‍ വീണ്ടെടുത്തുവെന്നും തുടരന്വേഷണത്തിനായി സൈബര്‍ പോലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായം തേടുമെന്നും പോലീസ് അറിയിച്ചു.

ഹിമാനിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക പോലീസ് സംഘത്തെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാണയില്‍ എത്തിയപ്പോള്‍ സജീവ സാന്നിധ്യമായിരുന്നു ഹിമാനി. റോഹ്തക് എം.പി ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവമായിരുന്നു.

ഞായറാഴ്ചയോടെയാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വേറെ എവിടെയോ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.