താലികെട്ടാൻ വരനെത്തിയത് അടിച്ച് പൂക്കുറ്റിയായിട്ട്: മലയിട്ടത് മാറിപ്പോയത് ഒന്നല്ല പലതവണ; ചെവിക്കല്ലിന് രണ്ട് പൂശ് പൂശി വധു ഇറങ്ങിപ്പോയി

ബറേലി (ഉത്തർ പ്രദേശ്): കല്ല്യാണത്തിനോടനുബന്ധിച്ചുള്ള ചില സംഭവങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്.അത് ഭക്ഷണം വിളമ്പിയതിലെ അപാകതെയോ, ഭക്ഷണം കുറഞ്ഞതിലെ പോരായ്മയോ, സ്ത്രീധനത്തേക്കുറിച്ചുള്ള തർക്കങ്ങളോ അങ്ങനെ ആ പട്ടിക നീണ്ട് പോകും. ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. വധുവിനെ അണിയിക്കേണ്ട മാല വരൻ ആള് മാറി നാലോളം പേർക്ക് അണിയിച്ചു. ഭാവിവരൻെറ വെളിവുകേട് ഒരു പെൺക്കുട്ടി എത്ര ക്ഷമിക്കും. ഭാവി ജീവിതത്തിൽ ഉണ്ടാകുന്ന ഭവിഷത്ത് മുൻ വധു മനസിലാക്കി കാണും.

കൂട്ടുകാരുടെ വാക്കുകേട്ട് വിവാഹത്തിന് മദ്യപിച്ചെത്തിയ വരൻ വധുവിനെ മാറി താലികെട്ടി, അങ്ങനെ വിവാഹവും മുടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൂട്ടുകാർ പറഞ്ഞതനുസരിച്ച് മദ്യപിച്ചെത്തുകയും വിവാഹപ്പന്തലില്‍ സ്വബോധമില്ലാതെ പെരുമാറുകയും ചെയ്തതോടെ വിവാഹം മുടങ്ങുകയായിരുന്നു. രവീന്ദ്ര കുമാര്‍ എന്ന യുവാവിന്റെ വിവാഹദിനമാണ് പ്രശ്നത്തില്‍ കലാശിച്ചത്.

വിവാഹത്തിന് രവീന്ദ്ര കുമാര്‍ എത്തിയത് തന്നെ സമയം വൈകിയായിരുന്നു. നേരെ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതിന് പകരം സുഹൃത്തുകള്‍ക്കൊപ്പം പോയി മദ്യപിക്കുകയാണ് അയാള്‍ ആദ്യം ചെയ്തത്. മദ്യപിച്ചത് കുറച്ച് ഓവര്‍ ആയെങ്കിലും ആത്മവിശ്വാസം കൈവിടാതെ രവീന്ദ്രകുമാര്‍ മണ്ഡപത്തിലേക്ക് പ്രവേശിച്ചു. മാല കൈയില്‍ എടുക്കുന്നത് വരെ ആര്‍ക്കും സംശയം തോന്നിയില്ല. പക്ഷെ മാലയിട്ടപ്പോള്‍ പെണ്ണ് മാറിപോയി. വധുവിന്റെ കൂട്ടുകാരിക്കാണ് അയാള്‍ ആദ്യം മാല ചാര്‍ത്തിയത്.

500-ല്‍ അധികം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ഇവരെ സാക്ഷിയാക്കിയാണ് വരന്‍ മാല ചാര്‍ത്തിയത്. പെണ്ണ് മാറിപ്പോയെന്ന് മനസിലാക്കിയതോടെ മാല ഊരിയെടുത്തെങ്കിലും പിന്നീട് മാലയിട്ടത് അയാളുടെ തന്നെ ഒരു കൂട്ടുകാരന്റെ കഴുത്തിലായിരുന്നു. അവിടം കൊണ്ടു തീര്‍ന്നില്ല, മാല അയാളുടെ കഴുത്തില്‍ നിന്ന് ഊരിയശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീയുടെ കഴുത്തിലാണ് പിന്നീട് മാല ഇട്ടത്.

ഇത്രയും സമയം ക്ഷമയോടെ വേദിയില്‍ നിന്ന യഥാര്‍ഥ വധുവായ രാധാദേവിയുടെ സകല നിയന്ത്രണങ്ങളും ഇതോടെ നഷ്ടപ്പെട്ടു. രണ്ടുവീട്ടുകാരെയും സാക്ഷിയാക്കി വരന്റെ മുഖത്ത് ആഞ്ഞടിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു.

ഇതിനുശേഷം വേദിയില്‍ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. വിവാഹത്തിനായി ഇതിനോടകം തന്നെ വധുവിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപയോളം ചെലവ് വന്നിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ സഹോദരന്‍ പോലീസില്‍ പരാതിയും നല്‍കി.

വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട്p അപമാനിച്ചെന്നും രാധാദേവിയുടെ സഹോദരന്റെ പരാതിയില്‍p പറഞ്ഞിരുന്നു. വിവാഹം കലങ്ങിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയും വരനായ രവീന്ദ്ര കുമാറിനെ സ്ത്രീധനം ആവശ്യപ്പെട്ടതിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ അയാള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.