ദൈവ പ്രസാദമോ ? ലോക പ്രസാദമോ ?

പാസ്റ്റർ മാത്യു വർഗീസ്,
ഡാളസ്

തിരുഹിതം നിറവേറ്റുവാൻ തിരഞ്ഞെടുക്കപ്പെട്ട മൺപാത്രങ്ങൾ അത്രേ ദൈവത്തിൻ്റെ വിശുദ്ധ ജനം. നന്മയും പൂർണ്ണതയും ഉള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് കാലടുത്തുവയ്ക്കുന്നവരാണ് സാക്ഷാൽ വീണ്ടെടുക്കപ്പെട്ടവർ.

ലോകത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് പരക്കം പായുന്നവർ അല്ല ഇവർ. പ്രത്യുതാ പരിശുദ്ധാത്മാവിന്റെ നദിയിൽ ജീവിതത്തിൻ്റെ നൗക ഇറക്കിയവരെത്രേ ഇവർ. ലക്ഷ്യം ക്രിസ്തുവിനെ പ്രസാദിപ്പിക്കണം എന്നുള്ള വാഞ്ച ഇവരുടെ ഹൃദയത്തിൻ്റെ തുടിപ്പുകൾ അത്രേ. അഭിമാനം കണ്ടെത്തുന്നത് നേട്ടങ്ങളുടെയും പ്രശസ്തിയുടെയും പടികളിൽ നിന്നുകൊണ്ടല്ല.

എന്നാൽ ചങ്ങലയ്ക്ക് തളച്ച് ഇടുവാൻ കഴിയാത്തതും തടവറയ്ക്ക് മൂടിവെക്കുവാൻ കഴിയാത്തതുമായ സുവിശേഷത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ആണെന്നും കണ്ടെത്തുന്നു. മുറിച്ചുമാറ്റുവാൻ കഴിയാത്ത യേശുവിൻ്റെ മഹാസ്നേഹം എന്നും പങ്കുവയ്ക്കുന്നതിൽ ഇവർ അഭിമാനം കണ്ടെത്തി. പടചേർത്തവനെ പ്രസാദിപ്പിക്കുവാൻ വേണ്ടി പട്ടണത്തിലെ തല്ലും പരിഹാസവും അലങ്കാരങ്ങൾ ആയി തിരഞ്ഞെടുത്തു. ധന്യനായ പൗലോസ് പറയുന്നു ‘അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു’ (2; കൊരിന്ത്യർ 5- 9)

ഈ തീരുമാനത്തെ ഉയർത്തിപ്പിടിച്ച ഭക്തന് പള്ളിയറയും പട്ടു മെത്തെയും ലഭിച്ചില്ല. പട്ടണത്തിലെ പ്രധാന സ്ഥലം തേടി വന്നില്ല. ചെണ്ടമേളവും പൂമാലയും എങ്ങും കാത്തു നിന്നില്ല. കോലു കൊണ്ടുള്ള അടി പൊതിരേ ഏറ്റുവാങ്ങി. പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. പൂമാലകൾ കഴുത്തിൽ വീണില്ല .പകരം ഇരുമ്പ് ചങ്ങലകൾ കൊണ്ട് കയ്യും കാലും വരിഞ്ഞുമുറുക്കി. കഴുത്തിൽ പടവാൾ ആഴ്ന്നിറങ്ങി. സുവിശേഷത്തിന്റെ ഒരു അടിമ തളയ്ക്കപ്പെട്ടുവെങ്കിലും തകർക്കപ്പെട്ടില്ല. കഷ്ടതയുടെ കഠിനശോധനയിലും ദൈവത്തിനു പ്രസാദമാംവണ്ണം ജീവിച്ച് കത്തി അമരുവാൻ വെമ്പൽ കൊണ്ടു വിശുദ്ധന്മാർ.

ജീവൻ്റെ പുതുക്കത്തിൽ നടക്കുവാൻ കൊതിക്കുന്ന ദൈവത്തിൻ്റെ ജനനം രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ദൈവത്തിന് ക്രിസ്തുവിൻ്റെ സൗരഭ്യവാസന ആകുന്നതിൽ അഭിമാനം കൊള്ളുന്നു. 2 കൊരിന്ത്യർ 2.15 ക്രിസ്തുവിന് പ്രസാദമുള്ള യാഗമായി ജീവിതം മാറ്റപ്പെടണം ഇതായിരിക്കട്ടെ ഭക്തന്റെ ആപ്തവാക്യം. വിശുദ്ധിയുടെ കാവൽഭടനായ യോസേഫ് ദൈവപ്രസാദം മാത്രം ലക്ഷ്യമാക്കി ഓടിയത് കൊണ്ട് പൊട്ടക്കിണറ്റിൽ വീണുവെങ്കിലും മുൾപടർപ്പിൽ വസിച്ചവന്റെ പ്രസാദം ശിരസ്സിൽ ഏറ്റുവാങ്ങി. ഫറവോന്റെ പ്രസാദം വേണ്ട എന്ന് പറഞ്ഞുകൊണ്ട് കൊട്ടാരത്തിന്റെ പടികൾ ചവിട്ടി ഇറങ്ങിയ മോശയ്ക്ക് രാജാവിൻ്റെ കോപം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും വേദപുസ്തകം വിളിച്ചു പറയുന്നുണ്ട് മോശയെ പോലെ പോലെ സൗമ്യനായവൻ ഭൂതലത്തിൽ ആരുമില്ല.

യേശുവിനെ പ്രസാദിപ്പിക്കുവാനും യജമാനന്റെ ഇഷ്ടം നിവർത്തിക്കുവാനും അരമുറുക്കി ഇറങ്ങിയ ഭക്തന്മാർ എക്കാലവും കനത്ത വില കൊടുത്തിട്ടുണ്ട്. ഒരു തീജ്വാല പോലെ ആളിക്കത്തിയ യോഹന്നാൻ സ്നാപകൻ പടവാളിനു മുമ്പിൽ കഴുത്തു നീട്ടിക്കൊടുക്കുകയായിരുന്നു. കഷ്ടത എന്ന കഠിനശോധനയുടെ തീ ജ്വാലയുടെ നടുവിൽ കിടന്ന് ആളിക്കത്തുമ്പോഴും ക്രിസ്തുവിനെ പ്രസാദിപ്പിക്കുവാൻ അഗ്നിക്കഷണങ്ങളായി മാറുകയാണ് തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധ അപ്പോസ്തോലന്മാർ. ക്രിസ്ത്യാനി ആയിട്ട് ചങ്കൂറ്റത്തോടെ നല്ല യജമാനന് വേണ്ടി കഷ്ടം സഹിച്ചുകൊണ്ട് അവനെ പ്രസാദിപ്പിച്ച് അവനോടൊപ്പം വാഴുവാൻ ആശിച്ചതുകൊണ്ട് ഭക്തനായ റിച്ചാർഡ് ഉം ബ്രാണ്ടിന് റൊമാനിയുയുടെ തണുത്ത കാരാഗ്രഹം ഒരു ശാപമായിരുന്നില്ല പ്രത്യുതാ ഒരു അഭിമാനമായി മാറി. യേശു പറയുന്നു ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് ( 1 ; യോഹന്നാൻ 2-14) വീണ്ടും പറയുന്നു ലോകസ്നേഹം ദൈവത്തോട് ശത്രുതമാകുന്നു.

യേശുവിന്റെ പാത കുരിശിന്റെ പാതയത്രേ. ഈ പാതയിൽ കൂടി യാത്ര ചെയ്യുന്നവർക്ക് രണ്ട് യജമാനന്മാരെ സേവിക്കുവാനോ പ്രസാദിപ്പിക്കുവാനോ സാധ്യമല്ല. കെടാത്തതിനാൽ ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ ജന്മം കൊണ്ടവന് ആഗ്രഹം ഒന്ന് ആശയം ഒന്ന് അത് മറ്റൊന്നുമല്ല നല്ലവനും വിശ്വസ്തനുമേ, നല്ല ദാസനെ ആ നല്ല വിളി കാതുകളിൽ മുഴങ്ങികേൾക്കണം.

മരിച്ചവരുടെ ഇടയിൽ നിന്ന് നല്ല ഒരു പുനരുദ്ധാനം പ്രാപിക്കണം. ഇവിടുത്തെ പടവുകൾ ചവിട്ടിക്കയറുവാൻ കഴിഞ്ഞില്ലെങ്കിലും നിത്യതയുടെ പടവുകൾ ചവിട്ടിക്കയറണം. കലർപ്പില്ലാത്ത സുവിശേഷത്തിന്റെ പ്രതിബിംബങ്ങൾ ആയി മാറ്റപ്പെടണം. അനുമോദനമോ അംഗീകാരമോ തേടി വന്നില്ലെങ്കിലും നഷ്ടപ്പെട്ടുപോയ മനുഷ്യവർഗ്ഗത്തെ തേടി ഇറങ്ങിത്തിരിച്ച നല്ല ഇടയനെ ഉയർത്തിപ്പിടിക്കണം. കേവലം നിഴൽ പോലെ മാറ്റപ്പെടുന്ന മനുഷ്യകുലത്തിന്റെ പ്രശംസ പിടിച്ചുപറ്റുവാൻ തുനിയാതെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കാതെ മുന്നോട്ട് ലക്ഷ്യം തെറ്റാതെ പായുന്നവനാണ് ഒരു യഥാർത്ഥ ദൈവഭക്തൻ.

വഴിയോര കാഴ്ചകൾ പലതും മാടി വിളിക്കുമെങ്കിലും ദൈവീക ദർശനം ഒരിക്കലും മങ്ങാതെ ഹൃദയ ഭിത്തികളിൽ സൂക്ഷിക്കുന്നവനാണ് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ക്രിസ്തു ഭക്തൻ. ജീവനാലാകട്ടെ മരണത്താൽ ആകട്ടെ വചനത്തിന്റെ സത്യങ്ങൾക്ക് മായം കലർത്താതെയും ദൈവീക പ്രമാണങ്ങൾക്ക് അയവ് വരുത്താതെയും കുരിശിന്റെ സാക്ഷ്യത്തെ വളച്ചുകെട്ടില്ലാതെ ഘോഷിക്കുകയും ചെയ്യുന്ന ജീവിതങ്ങൾ എന്നും ക്രിസ്തുവിൻറെ അനുഗ്രഹപത്രങ്ങളാണ് അവർ അവന് പ്രസാദകരമായ കാഴ്ചവയ്ക്കുന്നു.