കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട മരണം; അടുക്കളയിൽ രേഖകൾ കത്തിച്ചതായുള്ള തെളിവുകളുണ്ടെന്ന് പോലീസ്

കൊച്ചി:എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷണൽ കമ്മീഷ്ണറുടെ ക്വാർട്ടേഴ്‌സിലെ ഒരു കൂടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരം പുറത്തുവിട്ട് പൊലീസ്.

അമ്മയാണ് ആദ്യം മരിച്ചതെന്നും, അതിന് ശേഷമാണ് മനീഷും സഹോദരിയും ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു ജാർഖണ്ഡ് സ്വദേശിയും കസ്റ്റംസ് അഡിഷണൽ കമ്മീഷണറുമായ മനീഷ് വിജയ്‌യേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ജാര്‍ഖണ്ഡ് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന സഹോദരി ശാലിനി, അമ്മ, എന്നിവരുടെ മൃതദേഹവും ക്വാര്‍ട്ടേഴ്‌സിൽ നിന്ന് കണ്ടെത്തിയത്. മനീഷിന്റെയും സഹോദരിയുടെയും മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.

അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് പുതച്ച് അതിന്മേല്‍ പൂക്കള്‍ വിതറിയ നിലയിലായിരുന്നു. സമീപത്ത് ഒരു കുടുംബ ഫോട്ടോയും ഹിന്ദിയിലുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്മ ശകുന്തള അഗർവാളിൻ്റെ മരണം എങ്ങനെ എന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ മനസിലാക്കാൻ പറ്റുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

രേഖകൾ കത്തിച്ച് കളഞ്ഞ ശേഷം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.അടുക്കളയിൽ രേഖകൾ കത്തിച്ചു കളഞ്ഞതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ ആകാമെന്നാണ് പൊലീസിൻ്റെ നിഗമനം.

2006 ൽ സഹോദരി ശാലിനിക്ക് ജാർഖണ്ഡ് സ്റ്റേറ്റ് സർവീസിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെ തുടർന്ന് സർക്കാർ ജോലി ലഭിച്ചവരെ പിരിച്ചുവിട്ടിരുന്നു. ഈ കേസിൻ്റെ അന്വേഷണം സിബിഐ ആണ് നടത്തിയിരുന്നത്. ഒന്നാം റാങ്ക് ലഭിച്ചിട്ടും ജോലി നഷ്ടമായതിൽ സഹോദരി വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ക്വാട്ടേഴ്‌സിൽ നിന്ന് ഡയറിക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ദിവസം ലീവെടുത്ത് സ്വന്തം നാടായ ജാര്‍ഖണ്ഡിലേക്ക് പോവുകയാണെന്ന് പറഞ്ഞ മനീഷിനെ ആറ് ദിവസം കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. മനീഷ് ജാര്‍ഖണ്ഡില്‍ എത്തിയില്ലെന്ന് അന്വേഷണത്തില്‍ മനസിലായതോടെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.