ടൊറോന്റോ: കാനഡയിൽ ഡെൽറ്റ എയർലൈൻ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടൊറോന്റോയിലെ പിയേഴ്സൺ എയർപോർട്ടിലേക്ക് 80 യാത്രക്കാരുമായി വന്ന വിമാനം ലാൻഡ് ചെയ്യാനൊരുങ്ങവേ അതിശക്തമായ കാറ്റിൽപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട വിമാനം തീപ്പിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.
കനത്ത ഹിമക്കാറ്റുവീശി റൺവേ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മഞ്ഞുകൊണ്ട് മൂടിയിരുന്നു. ഇതിന് മുകളിലേക്ക് തീപ്പിടിച്ചുകൊണ്ട് തലകീഴായി മറിഞ്ഞ വിമാനം പുകപടലങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനുംദൂരം തെന്നിനീങ്ങുകയും ചെയ്തശേഷമാണ് നിന്നത്. 18 പേർക്കാണ് സംഭവത്തിൽ പരിക്കുപറ്റിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണിപ്പോൾ.
വിമാനം അപകടത്തിൽപ്പെടുന്നതിന്റേയും രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലകീഴായി കിടക്കുന്ന വിമാനത്തിനുള്ളിൽനിന്ന്
വിമാനത്തിനുള്ളിൽ പുറത്തിറങ്ങുമ്പോൾ വീഡിയോ പകർത്തുന്നവരെ ക്രൂ അംഗം വിലക്കുന്നതും വീഡിയോയിലുണ്ട്.
76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 18 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ ട്രോമാ സെന്ററുകളിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. മറ്റുള്ളവരെ പ്രാദേശിക ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തേത്തുടർന്ന് 40-ലേറെ വിമാന സർവീസുകളാണ് വൈകിയത്.