ലഖ്നൗ: ആത്മഹത്യയെന്ന് കരുതിയ യുവതിയുടെ മരണത്തിൽ വഴിത്തിരിവായത് നാല് വയസുകാരി വരച്ച ചിത്രം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിൽ സൊണാലി ഭുധോലിയ എന്ന 27കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രം നിര്‍ണായകമായത്.
മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സൊണാലിയുടെ മാതാപിതാക്കളെ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. എന്നാൽ യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
സൊണാലിയുടെ മരണ ശേഷം മകള്‍ മാതാവിന്റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ‘പപ്പ മമ്മിയെ തല്ലി. പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി’ എന്ന് നാല് വയസുകാരി മാധ്യമങ്ങളോട് പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അച്ഛൻ അമ്മയെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി ആരോപിച്ചു.
2019ലാണ് മധ്യപ്രദേശുകാരനായ സന്ദീപിനെ സൊണാലി വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കൂടുതല്‍ പണവും കാറും വാങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു. പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്.
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും സൊണാലിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവിൽ സൊണാലിയെ ഭർത്താവ് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.