ചണ്ഡീഗഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവ് അറസ്റ്റില്‍. എഎപി നേതാവും വ്യവസായിയുമായ അനോഖ് മിത്തലാണ് അറസ്റ്റിലായത്.
അനോഖിന് പുറമെ ഇയാളുടെ കാമുകിയേയും നാല് വാടക കൊലയാളികളേയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനോഖിന്റെ ഭാര്യ ലിപ്‌സി മിത്തലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലിപ്‌സിയെ വധിക്കാന്‍ വാടക കൊലയാളികളെ ഉപയോഗിച്ചുവെന്നാണ് അനോഖ് മിത്തലിനെതിരെ പോലീസ് ആരോപിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആയുധധാരികളായ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ ലിപ്‌സി മിത്തല്‍ കൊല്ലപ്പെടുന്നത്. ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും തിരികെ വീട്ടിലേക്ക് പോകുന്ന സമയത്താണ് ആക്രമണം നടന്നത്. എന്നാല്‍ കേസില്‍ പോലീസിന് അനോഖ് നല്‍കിയ മൊഴികളിലെ വൈരുധ്യമാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങിയ സമയത്ത് ആയുധധാരികളായ അഞ്ചംഗ സംഘം ആക്രമിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് അനോഖ് മൊഴി നല്‍കിയത്.
ബോധം തിരികെ വരുമ്പോള്‍ തന്റെ ഭാര്യ രക്തംവാര്‍ന്ന് മരിച്ചുകിടക്കുന്നതായും അവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടുവെന്നാണ് അനോഖ് പറഞ്ഞത്.
എന്നാല്‍ പിന്നീട് പോലീസ് ചോദിച്ച പല കാര്യങ്ങളിലും ഇതുമായി പൊരുത്തപ്പെടുന്ന മറുപടികളല്ല അനോഖ് നല്‍കിയത്. ഇതോടെ സംശയം തോന്നിയ അന്വേഷണ സംഘം ഇയാള്‍ പറഞ്ഞ കവര്‍ച്ച ശ്രമം എന്ന കഥ വിശ്വസിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് അന്വേഷിച്ച പോലീസിന് അനോഖിന് ഒരു കാമുകിയുള്ളതായി മനസിലായി. തുടര്‍ന്ന് ആ വഴിക്കുള്ള അന്വേഷണം നടക്കവേയാണ് അനോഖിന്റെ അവിഹിത ബന്ധം ലിപ്‌സി അറിഞ്ഞിരുന്നുവെന്ന് പോലീസിന് ബോധ്യമായത്.
ഭാര്യയെ ഒഴിവാക്കാന്‍ നടത്തിയ നാടകമായിരുന്നു ഈ കവര്‍ച്ച ശ്രമമെന്നാണ് പോലീസ് കണ്ടെത്തിയത്. കവര്‍ച്ച ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കാനാണ് അനോഖ് ശ്രമിച്ചത്.
അനോഖ്, അനോഖിന്റെ കാമുകി, വാടക കൊലയാളികളായ അമൃത്പാല്‍ സിങ്, ഗുര്‍ദീപ് സിങ്, സോനു സിങ്, സഗര്‍ദീപ് സിങ് തുടങ്ങിയവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ക്ക് 2.5 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് കരാര്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി 50,000 രൂപയും നല്‍കിയെന്നും പോലീസ് പറയുന്നു. നാല് മാസം മുമ്പാണ് അനോഖ് എഎപിയില്‍ ചേരുന്നത്. പാര്‍ട്ടി എംഎല്‍എ അശോക് പരാശര്‍ മുഖേനെയാണ് ഇയാള്‍ എഎപിയിലെത്തുന്നത്.