സ്ഥലം മാറ്റം കിട്ടിയാണ് പാസ്റ്റര്‍ ആ ഗ്രാമത്തിലേക്ക് എത്തുന്നത്.
ശോചനീയാവസ്ഥയില്‍ ചോര്‍ന്നൊലിച്ചുകിടക്കുന്ന പള്ളി പുതുക്കിപണിത് വരുന്ന ക്രിസ്തുമസിന് ആരാധന നടത്തിക്കൊണ്ട് പള്ളി വീണ്ടും ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം അതായിരുന്നു പാസ്റ്ററിന്റെ ആഗ്രഹം.
അദ്ദേഹം ഇടവകാംഗങ്ങളെ സംഘടിപ്പിച്ച് പള്ളി പുതുക്കി പണിയാന്‍ തുടങ്ങി. പള്ളിയുടെ മച്ചൊക്കെ പൊളിച്ചുപണിത്, ഭിത്തിയെല്ലാം പ്ലാസ്റ്ററിട്ട് പെയിന്റടിച്ച് വിചാരിച്ചതിലും നേരത്തേ, ഡിസംബര്‍ 18 ഓടെ പള്ളിയുടെ പണികളെല്ലാം കഴിഞ്ഞു.
പക്ഷേ പിറ്റേദിവസം അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും പള്ളിയുടെ ഭിത്തിയലെ പ്ലാസ്റ്റെറെല്ലാം അടര്‍ന്നുവീണു. തുടര്‍ന്ന് പണിയാനുളള സമയവുമില്ല.
ഇനിയെന്ത് ചെയ്യും എന്ന ചിന്തയില്‍ പോകുമ്പോഴാണ് അടുത്തുളള ഗ്രാമചന്തയില്‍ മനോഹരമായ ഒരു ടേബിള്‍ ക്ലോത്ത് വില്‍ക്കുവാന്‍ വെച്ചിരിക്കുന്നത് കണ്ടത്. അതിന്റെ നടുക്ക് കുരിശിന്റെ ആകൃതിയില്‍ ഒരു ഡിസൈനുമുണ്ട്.
തല്‍കാലം പള്ളിയിലെ ഭിത്തിയിലെ കേട് പാട് മറക്കാന്‍ ഈ ടേബിള്‍ക്ലോത്ത് മതിയാകും എന്ന് തീരുമാനിച്ച് അദ്ദേഹം അത് വാങ്ങി. തിരികെ പള്ളിയിലേക്ക് പോകുംവഴി പള്ളിക്കടുത്തുള്ള ബസ് സ്റ്റോപ്പില്‍ വൃദ്ധയായ സ്ത്രീ തനിക്ക് പോകാനുളള ബസ്സ് പോയ സങ്കടത്തില്‍ നില്‍ക്കുന്നത് പാസ്റ്റര്‍ കണ്ടു.
ഈ തണുപ്പത്ത് ഇവിടെ നില്‍ക്കാതെ അടുത്ത ബസ്സ് വരും വരെ പള്ളിയില്‍ കയറിയിരിക്കാന്‍ പാസ്റ്റര്‍ പറഞ്ഞു. പള്ളിയിലെത്തിയ പാസ്റ്റര്‍ ടേബിള്‍ക്ലോത്ത് ഭിത്തിയില്‍ ഉറപ്പിക്കാന്‍ തുടങ്ങുകയായിരുന്നു.
ഈ ടേബിള്‍ക്ലോത്ത് കണ്ട് ആ വൃദ്ധ അത്ഭുതത്തോടെ ചോദിച്ചു: പാസ്റ്റര്‍ ഇത് അങ്ങേക്ക് എവിടെ നിന്നാണ് കിട്ടിയത്? ഇതിന്റ അറ്റത്ത് ഇ.വി.ജി. എന്ന് എഴുതിയിട്ടുണ്ടോ എന്ന് നോക്കാമോ?പാസ്റ്റര്‍ നോക്കി. ശരിയാണ് അങ്ങിനെ എഴുതിയിട്ടുണ്ട്.
അവര്‍ പറഞ്ഞു: ഇത് ഞാന്‍ 35 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ തുന്നിയ ടേബിള്‍ക്ലോത്താണ്. ഒരു യുദ്ധത്തെ തുടര്‍ന്ന് നാസി പട്ടാളം എന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അന്ന് മുതല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ അന്വേഷിക്കുകയാണ്. ഇതുവരെ കണ്ടെത്താനായില്ല.
അവര്‍ സങ്കടത്തോടെ തന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു. ഈ ടേബിള്‍ ക്ലോത്ത് തിരിച്ചു വേണോ? പാസ്റ്റര്‍ ചോദിച്ചു.
ഏയ് അത് ഈ പള്ളിയില്‍ കിടക്കുന്നതാണ് എന്റെ സന്തോഷം: അവര്‍ പറഞ്ഞു. പാസ്റ്റര്‍ അവരെ തന്റെ വണ്ടിയില്‍ അവരുടെ വീട്ടിലെത്തിക്കുകയും ചെയ്തു.
ഏറ്റവും ഗംഭീരമായി നടന്ന ക്രിസ്തുമസ്സ് കുറുബാനക്ക് ശേഷം പാസ്റ്ററെ കാണാന്‍ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അയാള്‍ പാസ്റ്ററോട് ചോദിച്ചു: പാസ്റ്റര്‍ , അങ്ങേക്ക് ഈ ടേബിള്‍ ക്ലോത്ത് എവിടെ നിന്നാണ് കിട്ടിയത്. ഇതെന്റെ ഭാര്യ ചെയ്ത ടേബിള്‍ ക്ലോത്താണ്. നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടതിന് ശേഷം അവളെ തിരയാത്ത നാടുകളില്ല.
പാസ്റ്റര്‍ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ട് അയാളെ തന്റെ വണ്ടിയില്‍ കയറ്റി ആ വൃദ്ധയുടെ വീട്ടിലെത്തിച്ചു. അന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ക്രിസ്തുമസ് രാത്രിയ്ക്ക് പാസ്റ്റര്‍ സാക്ഷിയായി..
പ്രതീക്ഷയുടെ നക്ഷത്രവെളിച്ചങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നമുക്ക് മുന്നില്‍ പ്രത്യക്ഷമാകാം. ഏത് കൂരിരുട്ടിലും ആ നക്ഷത്രവെളിച്ചം പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ്സും പറഞ്ഞുവെക്കുന്നത്. ആ നക്ഷത്രവെളിച്ചത്തിനായി നമുക്ക് പ്രതീക്ഷയോടെ മുന്നോട്ട് പോകാം
– ശുഭദിനം.



