ഒരിക്കല്‍ രാജാവ് മന്ത്രിയോട് സംഭാഷണമധ്യേ പറഞ്ഞു: മന്ത്രീ, എനിക്ക് ഇത്രയധികം സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഒരു മനഃസമാധാനവും ഇല്ല. ആ കാവല്‍ക്കാരനെ നോക്കൂ. അയാള്‍ ദരിദ്രനാണ്. എങ്കിലും എത്ര സന്തോഷവാനാണ്. എന്തായിരിക്കും അതിന് കാരണം?
മന്ത്രി പറഞ്ഞു: രാജന്‍, ആ കാവല്‍ക്കാരന്‍ സന്തുഷ്ടനാണോ അല്ലയോ എന്നറിയാന്‍ നമുക്ക് ഒരു പരീക്ഷണം നടത്തിനോക്കാം. അങ്ങ് 99 വെള്ളിനാണയങ്ങള്‍ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങള്‍ നിനക്കുളളതാണ് എന്നെഴുതി ആ കാവല്‍ക്കാരന്റെ വീട്ടുപടിക്കല്‍ കൊണ്ടുവെക്കാന്‍ ഏര്‍പ്പാട് ചെയ്താലും. ബാക്കി നമുക്ക് നാളെ കാണാം.
രാജാവ് അപ്രകാരം ചെയ്തു. രാത്രിയില്‍ കാവല്‍ക്കാരന്‍ പുറത്തിറങ്ങിയപ്പോള്‍ പണക്കിഴി കണ്ടു. രാജ സമ്മാനമാണ് എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. അതും 100 നാണയങ്ങള്‍! അയാള്‍ നാണയങ്ങള്‍ എണ്ണിത്തുടങ്ങി. 99 നാണയങ്ങളേ ഉള്ളൂ. ഒരു നാണയം എവിടെപ്പോയി? ആരെടുത്തു?
അയാള്‍ ഭാര്യയേയും മക്കളേയും ചോദ്യം ചെയ്തു. വീടിനു ചുറ്റും പറമ്പിലുമെല്ലാം അരിച്ചുപെറുക്കി. കാണാതായ നാണയത്തെ ഓര്‍ത്ത് അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. അന്നയാള്‍ ഉറങ്ങയിതേയില്ല.
പിറ്റേന്ന് രാജാവിനെ മുഖം കാണിച്ചപ്പോള്‍ രാജാവ് ചോദിച്ചു: എന്തുപറ്റി? എപ്പോഴും സന്തോഷവാനായി കാണപ്പെട്ടിരുന്ന താങ്കള്‍ ഇന്ന് അതീവ ദുഃഖിതനാണല്ലോ? കാവല്‍ക്കാരന്‍ പറഞ്ഞു: പ്രഭോ, അങ്ങ് തന്ന 100 വെള്ളിനാണയത്തില്‍ ഒന്ന് കാണാനില്ല. ആ ഒരു നാണയത്തിന് വേണ്ടി ഞാനിനി തിരയാത്ത സ്ഥലമില്ല. അതിനെക്കുറിച്ചോര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്.
രാജാവിന് കാര്യം മനസ്സിലായി. തന്റെ അവസ്ഥയും സമാനമാണ്. സകലസൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും എന്തോ ഒരു കുറവുണ്ട് എന്ന ചിന്തയാണ് തന്നെ എപ്പോഴും അലട്ടുന്നത്. ഇയാളെപ്പോലെ, ഇല്ലാത്ത ഒന്നിനെതന്നെയല്ലേ താനും തേടി നടക്കുന്നത്..
നമ്മളില്‍ പലരും ഇങ്ങനെയാണ്. ഉള്ള സൗഭാഗ്യങ്ങളെ തിരിച്ചറിയാതെ, ആ സൗഭാഗ്യങ്ങളിലൊന്നും തൃപ്തിവരാതെ ഇല്ലാത്ത എന്തിനോ വേണ്ടി തിരഞ്ഞ് ജീവിതം തീര്‍ക്കുന്നവര്‍.. ഇല്ലാത്ത സൗഭാഗ്യത്തെ തിരയാതെ, ഉള്ള സൗഭാഗ്യങ്ങളെ തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ നമുക്കും സാധിക്കട്ടെ
– ശുഭദിനം.



