ഒരാളെ അയാളാകാന്‍ അനുവദിക്കുക എന്നതാണ് നമുക്ക് മറ്റൊരാള്‍ക്ക് നല്‍കാനാകുന്ന ആദരം

തന്റെ മകനെ മഹാനാക്കുക അതായിരുന്നു അയാളുടെ ലക്ഷ്യം. 

അതിനായി ചെറുപ്പം മുതലേ കര്‍ശനമായ ശിക്ഷണത്തിന്റെ വേലിക്കെട്ടിനകത്തായിരുന്നു അവനെ വളര്‍ത്തിയിരുന്നത്. 

ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ പോലും അവന് നിഷേധിക്കപ്പെട്ടു. കൈപൊള്ളുമെന്ന് പഠിപ്പിക്കാന്‍ ചൂടുള്ള കലത്തില്‍ പിടിപ്പിച്ചു.  മഹദ് ഗ്രന്ഥങ്ങള്‍ വായിച്ചുപഠിപ്പിച്ചു.  വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടമുണ്ടെന്ന് അറിഞ്ഞുതന്നെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.  ഒത്തുപോകാനാകാതെ അവര്‍ പിന്നീട് വേര്‍പിരിഞ്ഞു. 

പിതാവ് മരണക്കിടക്കയിലാണെന്ന് അറിഞ്ഞപ്പോള്‍ മകന്‍ അച്ഛനൊരു കത്തെഴുതി. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു.  ഒരു മനുഷ്യനെ നടത്താവുന്നതിന്റെ കഠിനമായ വഴികളിലൂടെയെല്ലാം നിങ്ങള്‍ എന്നെ നടത്തി.  പാറപ്പുറത്ത് കിടന്ന് ഉറങ്ങാനും, ഇഷ്ടമില്ലാത്തത് ഭക്ഷിക്കാനും എല്ലാം എന്നെ ശീലിപ്പിച്ചു.  എല്ലാം ശരി.. പക്ഷേ, ഒരാളുടെ ഹൃദയം ഒരിക്കലും തകര്‍ക്കാന്‍ ശ്രമിക്കരുത്.  അത് തെറ്റാണ്.  

ഒരാളെ അയാളാകാന്‍ അനുവദിക്കുക എന്നതാണ് നമുക്ക് മറ്റൊരാള്‍ക്ക് നല്‍കാനാകുന്ന ആദരം. നമ്മള്‍ ആഗ്രഹിക്കുന്നിടത്തേക്ക് ഒരാളെ വലിച്ചെത്തിക്കുകയല്ല വേണ്ടത്.  അവരാഗ്രഹിക്കുന്നിടത്തേക്ക്, അവര്‍ ആയിത്തീരേണ്ടിടത്തേക്ക് എത്താന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്.   അതാണ് നല്ല സഹയാത്രികരുടെ ദൗത്യം.  നല്ല സഹയാത്രികരായി മാറാന്‍ നമുക്ക് സാധിക്കട്ടെ –

ശുഭദിനം.