ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ഗസ്സയിൽഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 40 പാലസ്തീനികൾ കൊല്ലപ്പെടുകയും 250-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭയാർഥികളുടെ താൽക്കാലിക താമസ കേന്ദ്രങ്ങൾക്കും പ്രദേശത്തെ ജലവിതരണ സംവിധാനങ്ങൾക്കും നേരെ ആസൂത്രിത ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്.
ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിനുനേരെ ഇന്നലെയും വ്യാപക വ്യോമാക്രമണമുണ്ടായി. ശത്രുവിനു നേരെ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. സൈനിക വാഹനങ്ങൾക്കും സൈന്യം തമ്പടിച്ച കെട്ടിടങ്ങൾക്കും നേരെ ബോംബാക്രമണം ഉണ്ടായി. ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികരുടെ മരണം ഇസ്രായേൽ
സ്ഥിരീകരിച്ചു.
പരിക്കേറ്റ സൈനികരെ ഹെലികോപ്ടർ വഴി മാറ്റുകയായിരുന്നു. ഒരേസമയം കരമാർഗവും വ്യോമമാർഗവും ആക്രമണം നടത്തുന്നതായി
ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
ഗസ്സയിൽനിന്ന് കൂട്ടപ്പലായനവും തുടരുകയാണ്. ഒരാഴ്ചക്കിടെ, ശുജാഇയയിൽനിന്നു മാത്രം മുക്കാൽ ലക്ഷം പേർ കുടിയൊഴിയാൻ നിർബന്ധിതരായെന്ന് യു.എൻ അറിയിച്ചു.
വെടിനിർത്തൽ കരാറിന് വിലങ്ങുതടിയായി നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ നഗരങ്ങളിൽ പ്രക്ഷോഭം ശക്തമാണ്. ജറൂസലം, തെൽ അവീവ്, ഹൈഫ
എന്നിവിടങ്ങളിലെ റാലികളിൽ ആയിരങ്ങൾ പങ്കെടുത്തു.
നെതന്യാഹുവിന്റെ ഉത്തരവ് അംഗീകരിക്കരുതെന്ന് സൈനികവിഭാഗങ്ങളോട് ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ ചർച്ചകളിൽ ഒരു പുരോഗതിയും ഇല്ലെന്ന് ഹമാസ് കുറ്റപ്പെടുത്തി.
സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും ഉണ്ടായാൽ കരാറിന് തയാറാണെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.




