അമേരിക്ക ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയ വിഷയം; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

നൂറിലേറെ ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്.

ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്‌യാണ്‌ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സഭ ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അത്യധികം അപമാനകരവും ദുരിതപൂ‍ർണ്ണവുമായ സാഹചര്യങ്ങളില്‍ അമേരിക്കൻ ഗവണ്‍മെൻ്റ് നാടുകടത്തിയ 100ലധികം ഇന്ത്യൻ പൗരന്മാരുടെ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാണ് നോട്ടീസ്.

നമ്മുടെ ജനതയ്ക്കെതിരെ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ തടയുന്നതിനും സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരൻ്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ അടിയന്തരമായി ഈ വിഷയം അഭിസംബോധന ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

കുടാതെ കഴിഞ്ഞ ദിവസമാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാർ എന്ന് ചൂണ്ടിക്കാണിച്ച്‌ 104 ഇന്ത്യക്കാരെ നാടുകടത്തിയത്. ഇവരുമായി എത്തിയ അമേരിക്കൻ യുദ്ധ വിമാനം ഇന്നലെ ‌അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തിരുന്നു.

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയർ‌ത്തിയിരുന്നത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ട് അപമാനിക്കുന്ന ചിത്രങ്ങള്‍ സങ്കടപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു. യുപിഎ ഭരണ കാലത്ത് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക വിലങ്ങുവെച്ച സംഭവം ഓർമിപ്പിച്ചായിരുന്നു പവൻ ഖേരയുടെ വിമർശനം.

അന്ന് യുപിഎ സർക്കാർ സ്വീകരിച്ച കാര്യങ്ങള്‍ പവൻ ഖേര അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. അമേരിക്കൻ ഭരണകൂടം ഒടുവില്‍ ഖേദം പ്രകടിപ്പിച്ചതും പവൻ ഖേര ചൂണ്ടിക്കാണിച്ചിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു