ആധാറിൻ്റെ പേരിൽ അപകടം വിരൽ തുമ്പിൽ; തൊട്ടേക്കരുതേ…

ആധാർ പുതുക്കാൻ അജ്ഞാത ഫോൺ നമ്പരിൽ നിന്ന് നിങ്ങളുടെ ബാങ്കിൻ്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമായി എല്ലായിടവും പ്രവർത്തിക്കുന്നു. ഈ കവർച്ചാ സംഘത്തിൻ്റെ കെണിയിൽപ്പെട്ട് ഇതിനോടകം അനേകർക്ക് ലക്ഷങ്ങൾ നഷ്ടമായി. ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട് എങ്കിലും കാണാമറയത്ത് ഇരിക്കുന്ന കവർച്ചാ സംഘം ശക്തിപ്പെടുന്നതിനാൽ വീണ്ടും വീണ്ടും അനേകർ തട്ടിപ്പിന് ഇരയാകുന്നു.

വാട്സാപ്പ് ആപ്പും, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളും ലക്ഷ്യം വെച്ചാണ് ഈ കൊള്ള സംഘം പ്രവർത്തിക്കുന്നത്.

ഇങ്ങനെ വരുന്ന അജ്ഞാത സന്ദേശങ്ങളുടെ ഫയലുകൾ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിമിഷ നേരം കൊണ്ട് സീറോ ആകും. ഒരു പക്ഷെ തട്ടിപ്പുകാർ, നിങ്ങളുടെ സുഹൃത്തുക്കളുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് അവരാണന്നും പറഞ്ഞ് അത്യാവശ്യമായി സഹായ അഭ്യർത്ഥന സന്ദേശം വഴിയും നിങ്ങളെ കബളിപ്പിക്കും.

ഡാർക്ക് വെബ്ബിൽ നിന്നും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചാണ് അക്കൗണ്ട് ഉടമകളുടെ വാട്സാപ്പ് നമ്പറുകൾ കൈക്കലാക്കുന്നത്.

അങ്ങനെ വാട്സാപ് നമ്പറുകളിലേയ്ക്ക്

അധാർപുതുക്കാനായി ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ പാക്കേജ് (എ പി കെ ഫയൽ) അയക്കും. പ്രത്യേകം ചെയ്തു വെച്ചിരിക്കുന്ന എ പി കെ ഫയലിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ നമ്മുടെ ഫോൺ ആ തസ്‌ക്കരൻമരുടെ നിയന്ത്രണത്തിലാകും. അപ്പോഴേക്കും അവർ അവരുടെ വിവിധ അക്കൗണ്ടിലേക്ക് നിമിഷ നേരം കൊണ്ട് പണം മാറ്റിയിരിക്കും.

അഥവ ആരെങ്കിലും ഇതുപോലുള്ള സൈബർത്തട്ടിപ്പിന് ഇരയായാൽ ഉടനടി 1930 എന്ന സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണം.

അല്ലങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ വിവരം അറിയിക്കുകയോ ചെയ്യണം.