മിനിമം PF പെൻഷൻ 9000 രൂപയാക്കണമെന്നും ക്ഷാമബത്ത ഏർപ്പെടുത്തണമെന്നുമുള്ള മുഖ്യ ആവശ്യം മുൻനിർത്തിയുള്ള , ഫെബ്രുവരി 11 ൻ്റെ പാർലമെൻ്റ് മാർച്ചും രാജ്യത്തെ പി.എഫ്ഓഫീസുകളിലേക്കുള്ള മാർച്ചും വിജയിപ്പിക്കുവാൻ തയ്യാറെടുക്കണമെന്ന് പെൻഷൻകാരുടെ ദേശീയ കമ്മിറ്റിക്കുവേണ്ടി PFPA സംസ്ഥാന ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കഴിഞ്ഞ 10 വർഷമായി PF പെൻഷൻകാർ ഇതിനായി സമരത്തിലാണ് പി എഫ് പെൻഷൻകാരുടെ സമര പ്രഖ്യാപനം വരുമ്പോഴെല്ലാം, 1000 രൂപ മിനിമം പെൻഷൻ 7500 രൂപയാക്കി വർദ്ധിപ്പിച്ചെന്നും ക്ഷാമബത്ത ഏർപ്പെടുത്തിയെന്നും വ്യാപകമായ നുണപ്രചരണങ്ങളാണ് കേന്ദ്രഭരണാധികാരികൾക്ക് വേണ്ടി ചിലർ നടത്തുന്നത്. നിരന്തരമുള്ള ഇത്തരം പെരും നുണകളുടെ പ്രചാരകരോടുള്ളപ്രതിഷേധം കൂടി ശക്തിപ്പെടുത്തി കൊണ്ടുള്ളതാവണം വരുംകാല സമരങ്ങൾ.
രാജ്യത്തിൻ്റെ GDP വളർച്ചക്കായി അധ്വാനിച്ചവരോട് നീതി പുലർത്തും വരെ PF പെൻഷൻകാർ പോരാട്ടം തുടരുക തന്നെ ചെയ്യും. 2023-24 ൽ 888269 കോടി രൂപ പെൻഷൻ കോർപ്പസ് ഫണ്ടിൽ ഉണ്ടെന്നാണ് കേന്ദ്രം പാർലമെൻറിൽ ചോദ്യത്തിന് ഉത്തരമായി നൽകിയത്. ‘പ്രതിവർഷം ഇതിന് കിട്ടുന്ന പലിശ മാത്രം പെൻഷനായി വിതരണം ചെയ്താൽ പോലും ഇന്ന് നൽകുന്നതിൻ്റെ മൂന്നിരട്ടിയിലധികം തുക രാജ്യത്തെ 80 ലക്ഷത്തിലധികം വരുന്ന പെൻഷൻകാർക്ക് നൽകാമായിരുന്നു. പാവങ്ങളുടെ പെൻഷൻ ചട്ടിയിൽ കയ്യിട്ടുവരുന്ന സമീപനമാണ് കേന്ദ്രസർക്കാരിൻ്റേത്.
2014 ൽ മിനിമം 1000 രൂപ പ്രഖ്യാപിച്ചിട്ടു പോലും 1000 രൂപ തികച്ചും കിട്ടാതെ മൂന്നക്ക തുക മാത്രം പെൻഷൻ വാങ്ങുന്ന 23 ലക്ഷം പെൻഷൻകാരോട് കേന്ദ്രസർക്കാർ കാട്ടുന്ന ഈ അവഗണന എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണ്.
മനുഷ്യത്വരഹിതമായ കേന്ദ്ര ഭരണാധികാരികളുടെ സമീപനത്തിനെതിരെ നടത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നല്ലവരായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് PFPA അഭ്യർത്ഥിക്കുകയാണ്.
T.P. ഉണ്ണിക്കുട്ടി ( പ്രസിഡൻ്റ്).
D. മോഹനൻ (ജനറൽ സെക്രട്ടറി).




