പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത അന്ധവിശ്വാസിയായ ചെന്താമര തന്റെ ഭാര്യയും മക്കളും അകന്നു കഴിയുന്നതിന് കാരണം കൊല്ലപ്പെട്ട സുധാകരനും കുടുംബവുമാണെന്നാണ് വിശ്വസിച്ചിരുന്നത്. ചെന്താമര കൊലപെടുത്തിയ സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തിയതെന്നാണ് ഉറപ്പിച്ചിരുന്നു.
ചെന്താമരയുടെ കുടുംബപ്രശ്നങ്ങൾക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞതായാണ് സജിതയുടെ കൊലപാതകത്തിന് ശേഷം പോലീസിന് നല്‍കിയ മൊഴി. ഇത്തരത്തിലെ അന്ധവിശ്വാസമാണ് മുടി നീട്ടിവളർത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്. സുധാകരന്റെ വീട്ടിന്റെ പുറകുവശത്തുള്ള വാതിലിലൂടെ കയറിയാണ് സജിതയെ അന്ന് വെട്ടികൊലപ്പെടുത്തിയത്.
തന്റെ ഭാര്യയും മക്കളും അകന്നു കഴിയാൻ കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന് ഏതോ ജ്യോത്സ്യൻ പറഞ്ഞതായി 5 വർഷം മുൻപ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് സജിതയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സുധാകരനെയും അമ്മയെയും ചെന്താമരൻ കൊലപ്പെടുത്തിയത്.
സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവ് സുധാകരനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയൽവാസികളായ വേറേ രണ്ടു സ്ത്രീകളേയും ഇയാൾ അന്ധവിശ്വാസത്തിന്റെ പേരിൽ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
നെന്മാറ ഇരട്ട കൊലപാതക ശേഷം മുങ്ങിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് വനത്തിനുള്ളിലും ചെന്താമരന്റെ വീടിനോട് ചേർന്നുള്ള കുളത്തിലും പരിശോധന നടത്തുകയാണ്. അതേസമയം നേരെത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കിട്ടിയിരുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.




