ലോകത്ത് 45000-ത്തിലേറെ ജീവജാലങ്ങള്‍ വംശനാശ ഭീഷണിയിലാണെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍.) റിപ്പോര്‍ട്ട്.
കഴിഞ്ഞ കൊല്ലത്തെക്കാള്‍ ആറായിരത്തിലേറെ ജീവികളാണ് വ്യാഴാഴ്ച പുറത്തുവിട്ട ‘ചുവപ്പുപട്ടിക’യില്‍ അധികമുള്ളത്.
കാലാവസ്ഥാവ്യതിയാനം, അധിനിവേശ ജീവിവര്‍ഗങ്ങളുടെ വര്‍ധന, മനുഷ്യന്റെ ഇടപെടല്‍, നിയമവിരുദ്ധ കച്ചവടം, അനിയന്ത്രിത വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വംശനാശത്തിന് കാരണം. 1.63 ലക്ഷം സസ്യ-ജന്തുജാലങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. ലോകത്തെ ആകെ സസ്യ-ജന്തുജാലങ്ങളില്‍ 82 ശതമാനവും വംശനാശം നേരിടുന്നു. 2012-ല്‍ അത് 55 ശതമാനമായിരുന്നു.
ചിലിയിലെ അറ്റാകാമയില്‍ കണ്ടുവരുന്ന കോപിയപോവ കാക്ടി എന്ന ചെടി, ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന പിഗ്മി ആനകളായ ബോര്‍നിയോ എലഫന്റ്സ്, കാനറിയ ദ്വീപുകളില്‍ കാണപ്പെടുന്ന ഗ്രാന്‍ കാനറിയ ജയന്റ് ലിസാര്‍ഡ് എന്ന ഭീമന് പല്ലി എന്നിവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃതമായി കടത്തുന്നതാണ് കോപിയപോവ കാക്ടിയെ വംശനാശത്തില്‍ എത്തിച്ചിരിക്കുന്നത്.
ഐ.യു.സി.എന്‍. റിപ്പോര്‍ട്ട് പ്രകാരം 1000 പിഗ്മി ആനകള്‍ മാത്രമാണ് നിലവില്‍ ഭൂമിയിലുള്ളത്. മരുന്നിന് വേണ്ടി കൊന്നൊടുക്കുന്നതും വികസനത്തിന് വേണ്ടി ആവാസവ്യവസ്ഥ നശിപ്പിച്ചതുമാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. പാമ്പുകളുടെ ആക്രമണത്തിന് ഇരയാകുന്നതാണ് ഗ്രാന്‍ കാനറിയ ജയന്റ് ലിസാര്ഡുകളുടെ വംശനാശത്തിന് കാരണമെന്നും ഐ.യു.സി.എന്‍. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, വംശമറ്റുപോകുമെന്ന് ഒരുകാലത്ത് കരുതിയിരുന്ന കാട്ടുപൂച്ച ഇനമായ ‘ഐബീരിയന്‍ ലിങ്സി’നെ
ഐ യു സി എൻ സംരക്ഷിക്കാനുള്ള ശ്രമം വിജയം കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001-ല്‍ 62 എണ്ണംമാത്രമുണ്ടായിരുന്ന ഇവ നിലവില്‍ രണ്ടായിരത്തോളമുണ്ട്. പൂച്ചയുടെ മടങ്ങിവരവിന് ഇവയുടെ പ്രധാന ആഹാരമായ യൂറോപ്പ്യന്‍ റാബിറ്റ് എണ്ണം കൂട്ടിയതും ഒരു കാരണമായി തീര്‍ന്നു. ഐബീരിയന്‍ ലിങ്സിനെ മധ്യ, വടക്കന്‍ സ്പെയിനുകളിലും അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടെന്ന് സംരക്ഷണപ്രവര്‍ത്തകര്‍ പറയുന്നു.




