സാബു തൊട്ടിപ്പറമ്പിൽ
(ജനറൽ കറസ്പോണ്ടൻ്റ്)
നിഷ്കളങ്കനായ ഒരു യുവാവിനെ സ്നേഹത്തിന്റെ പേരിൽ മരണത്തിലേക്ക് തള്ളിവിട്ട ഗ്രീഷ്മയ്ക്ക് വധശിക്ഷ . ഈ വിധിയിലൂടെ ഏറ്റവും പ്രായം കുറഞ്ഞ തൂക്കുകയർ കിട്ടുന്ന വനിത കുറ്റവാളി കൂടിയായി ഗ്രീഷ്മ.
2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ തന്റെ കാമുകൻ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.പ്രണയിനിയുടെ വാക്കുകൾക്ക് വില നൽകി കൂട്ടുകാരനെയും കൂട്ടി ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തി.അവിടെവെച്ച് കീടനാശിനി കലർത്തിയ കഷായം സ്നേഹത്തിൽ ചാലിച്ച് അവന് അവൾ പകർന്നു നൽകി.

താൻ പ്രാണനേക്കാൾ സ്നേഹിക്കുന്നവൾ നൽകിയ ആ വിഷം ഒരു തേൻ തുള്ളി നുണയുന്ന മധുര്യത്തോടെ ഷാരോൺ കഴിച്ചു.അതിന് കാരണം മറ്റൊന്നുമല്ല.അത്രമാത്രം അവൻ അവളെ സ്നേഹിച്ചിരുന്നു….വിശ്വസിച്ചിരുന്നു !.
പക്ഷേ, കാമുകനായ ഷാരോണിനെ എങ്ങനെ പതിയെ പതിയെ കൊല്ലാം എന്ന് 23 തവണയാണ് ഗൂഗിളിൽ ഗ്രീഷ്മ സേർച്ച് ചെയ്തത്.ഗ്രീഷ്മ എന്ന കുറ്റവാളിയുടെ മനസ്സ് കാണാൻ അവന് കഴിഞ്ഞിരുന്നില്ല.ഒരിക്കൽ പോലും അവളുടെ ചതി ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞിരുന്നില്ല.ജ്യൂസ് ചലഞ്ചിലൂടെ വിഷം നൽകി കൊല്ലാനുള്ള ആദ്യ ശ്രമം പാളിയിരുന്നു.ജ്യൂസ് നൽകുന്നത് വീഡിയോയിൽ പകർത്താൻ ഷാരോൺ ശ്രമിച്ചപ്പോൾ അതുവേണ്ടെന്ന് ഗ്രീഷ്മ വിലക്കിയിരുന്നു.മൊബൈലിലെ ഈ ചിത്രീകരണം പിന്നീട് കേസിന് വളരെ നിർണായകവുമായി.
പ്രണയിനി നൽകിയ വിഷം കുടിച്ച ശേഷം ഷാരോൺ അവശനായി.സുഹ്യത്തിനൊപ്പം ബൈക്കിൽ മടങ്ങുമ്പോൾ പലതവണ അവൻ ശർദ്ദിച്ചു.പിന്നീടങ്ങോട്ട് വീണുപോയ ഷാരോൺ 11-ാം നാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിനെ സ്നേഹിച്ചിരിക്കുമ്പോൾ തന്നെ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിരുന്നു.ഇതിനുശേഷമാണ് ഷാരോണിനെ വകവരുത്താനുള്ള പദ്ധതി ഗ്രീഷ്മ ആവിഷ്കരിച്ചത്.ഒരേസമയം കാമുകനെയും പ്രതിശ്രുത വരനെയും ഗ്രീഷ്മ ചതിച്ചു.

വിധി പ്രസ്താവ വേളയിൽ ബഹുമാനപ്പെട്ട കോടതി പറഞ്ഞത് ഒരു സ്നേഹബന്ധത്തിൽ നിന്ന് പിന്മാറാൻ പലവിധ മാർഗ്ഗങ്ങളുണ്ട് .അതിനു ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ സഹായമായി തീരും.എന്നാൽ കൊല്ലാൻ എടുത്ത തീരുമാനം കരുതിക്കൂട്ടിയുള്ളതാണെന്നാണ്.രേഷ്മ കൃത്യമായി പദ്ധതി നടപ്പിലാക്കുകയായിരുന്നു .അതിനു തെളിവാണ് ഗൂഗിളിലെ
സേർച്ച്.
തന്നെ വിവാഹം കഴിച്ചാൽ ‘ഭർത്താവ് മരണപ്പെട്ടു’ പോകുമെന്ന് ഒരു കള്ളക്കഥയും ഗ്രീഷ്മ ഷാരോണിനു മുന്നിൽ വച്ചിരുന്നു.എന്നാൽ സ്നേഹത്തിൻെറ അന്തതയിൽ നിഷ്കളങ്കനായ ചെറുപ്പക്കാരൻ അതൊന്നും കൈക്കൊണ്ടില്ല.
തന്റെ പ്രണയത്തെ പ്രാണനേക്കാൾ ഉപരി കരുതുകയും വിശ്വസിക്കുകയും ചെയ്തിരുന്നു ഷാരോൺ.
വിഷമുള്ളിൽ ചെന്ന് ഉമിനീര് പോലുമിറക്കാനാവാതെ ഉള്ളെല്ലാം വെന്തു നീറി മരണക്കിടക്കയിൽ കിടക്കുമ്പോഴും ഒരു നിമിഷം പോലും ഗ്രീഷ്മയെ ഒറ്റുകൊടുക്കാനോ നിയമത്തിന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിർത്താൻ പോലുമോ അവന് കഴിഞ്ഞിരുന്നില്ല.
അത്ര സ്നേഹമായിരുന്നു അവളോട് അവന്.
വധശിക്ഷ വിധിക്കാൻ പ്രായക്കുറവ് ഒരു തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഭാഗത്തിന്റെ ശിക്ഷയുടെ ഇളവ് ആവശ്യത്തിനുള്ള പ്രധാന വാദ ഭാഗങ്ങളിൽ ഒന്നായിരുന്നു ഇതും.
ചെകുത്താന്റെ ചിന്തയുള്ള ഗ്രീഷ്മ യഥാർത്ഥ പ്രണയത്തെ കൂടി കൊല്ലുകയാണ് ഉണ്ടായത്. ഇത്തരമൊരു ശിക്ഷ നൽകിയില്ലെങ്കിൽ അത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശത്തിന് കാരണമായി തീരുമായിരുന്നു.
പ്രതിയുടെ ഭാഗത്തുനിന്ന് ഇനി ഇത്തരത്തിൽ ഒരു കുറ്റകൃത്യമുണ്ടാകില്ല എന്ന് പറയാൻ കഴിയില്ലെന്നും
കോടതി വിലയിരുത്തി.
ഉന്നത വിദ്യാഭ്യാസമുള്ള ഗ്രീഷ്മയ്ക്ക് ഒരു പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ നേരായ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊല്ലാനുള്ള ബുദ്ധിയാണ് പ്രയോഗിച്ചത്.മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചില്ല എന്നുള്ളത് പ്രണയത്തിൻെറ ആഴമാണ് വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു.
ഒരുപക്ഷേ, കേരളം കാത്തിരുന്ന ഒരു വിധി തന്നെയാണ് ഉണ്ടായിട്ടുള്ളത് .ഒരു യുവതിക്ക് ഇത്രമാത്രം ക്രൂര ആകാൻ കഴിയുമോ? ആണെ ന്നുള്ളതിന് മറുപടിയാണ് വധശിക്ഷ നൽകിയത ലൂടെ
വ്യക്തമാകുന്നത്.സ്നേഹിച്ചു വഞ്ചിക്കുക എന്നത് കൊടും ക്രൂരത തന്നെയാണ് . അതിൻ്റെ പേരിൽ ഈ കേസിന്മേൽ വരാനിരിക്കുന്ന മേൽക്കോടതി വിധികൾ കേസിന്റെ മറ്റൊരു വശം മാത്രം.എന്നാൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചതിലൂടെ പൊതു സമൂഹത്തിനുമുന്നിൽ നല്ലൊരു സന്ദേശം നൽകാൻ കൂടി കഴിഞ്ഞു.സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമുള്ള ഒരു കേസിൽ വധശിക്ഷ എന്ന പ്രത്യേകതയും ഈ വിധിക്കുണ്ട്.




