കേരളത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായി ഗ്രീഷ്മ; രണ്ട് സ്ത്രീകള്‍ക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജി

കേരളത്തില്‍ അപൂർവമായാണ് സ്ത്രീകള്‍ക്ക് വധശിക്ഷ വിധിക്കാറുള്ളത്. ഇതുവരെ ആകെ ഒരു സ്ത്രീക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്.

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചതോടെ അത് രണ്ടായി. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40 പേരാണ് കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്നത്.

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖ ബീവിക്കാണ് ഇതിനു മുമ്ബ് വധശിക്ഷ വിധിച്ചത്. രണ്ടുകേസുകളിലും നെയ്യാറ്റിൻകര അഡീഷനല്‍ ജില്ല ജഡ്ജി എ.എം. ബഷീർ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയം. അപൂർവങ്ങളില്‍ അപൂവമായ കേസ് എന്ന് പറഞ്ഞാണ് ഗ്രീഷ്മക്ക് ജഡ്ജി വധ ശിക്ഷ വിധിച്ചത്.

2024 മേയിലാണ് ശാന്തകുമാരി കേസിലെ വിധി വന്നത്. സ്വർണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീഖ ബീവി കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ അയല്‍വാസിയായിരുന്നു റഫീഖ ബീവി. കൂട്ടു പ്രതികളായ അല്‍ അമീൻ, റഫീഖയുടെ മകൻ ഷഫീഖ് എന്നിവർക്കും വധശിക്ഷ ലഭിച്ചു.

ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷനല്‍ സെഷൻ കോടതി ശിക്ഷ വിധിച്ചത്.

ക്രൂര കൊലപാതകത്തിന് വധശിക്ഷക്ക് പുറമെ രണ്ട് ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപയും അന്വേഷണം വഴിതിരിച്ചുവിട്ടതിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കോടതി ചുമത്തി. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്ബോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും