ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ പമ്പ കടക്കും, ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുമെന്നും മദ്രാസ് ഐഐടി ഡയറക്ടര്‍

ചെന്നൈ: പശുവിന്റെ മൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ പെട്ടെന്ന് മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. പൊങ്കലിനോടനുബന്ധിച്ച്‌ ചെന്നൈ മാമ്ബലത്ത് നടത്തിയ ഒരു ഗോപൂജാ ചടങ്ങിലായിരുന്നു രാജ്യത്തെ എഐ വിദഗ്‌ധരില്‍ ഒരാള്‍ കൂടിയായ വി കാമകോടിയുടെ പരാമർശം.

തന്റെ അച്ഛന് പനിവന്നപ്പോള്‍ ഒരു സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും അതുകഴിഞ്ഞ് പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സന്യാസിയുടെ പേര് ഓർമ്മയില്ലെന്നും കാമകോടി പറഞ്ഞു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുള്‍പ്പെടെ മാറ്റാനും ഗോമൂത്രത്തിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.

വി കാമകോടിയുടെ പ്രസ്താവന‌യ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എം പിയുമായി കാർത്തി ചിദംബരം എക്സില്‍ കുറിച്ചത്. ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും