ഗാസയിൽ 42 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണ; കരാർ നടപ്പിലാക്കുന്നത് മൂന്ന് ഘട്ടമായിട്ട്

ദോഹ: പതിനഞ്ചുമാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന്് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനി സ്ഥിരീകരിച്ചു.

യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്.

യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസംമാത്രം ബാക്കിയുള്ളപ്പോഴാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രയേല്‍ മന്ത്രിസഭയില്‍ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.

അതേസമയം, കരാറിലെ ചില നിര്‍ദേശങ്ങളില്‍ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ (ബുധനാഴ്ച) രാത്രി അറിയിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍സമയത്ത് മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെ മോചിപ്പിച്ചിരുന്നു. ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്.

മൂന്നുഘട്ടമായിട്ടാണ് കരാർ നടപ്പിലാക്കുന്നത്.അത് ഇപ്രകാരണ്

  1. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 33 ബന്ദികളെ ആറാഴ്ചകൊണ്ട് ഹമാസ് ഇസ്രയേലിനു കൈമാറും. ഇതിനു പകരമായി ഇസ്രയേലിന്റെ തടവറയിലുള്ള രണ്ടായിരത്തോളം പലസ്തീന്‍കാരെ മോചിപ്പിക്കും. ഗാസയിലെ ജനവാസമേഖലകളില്‍നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവും ഈ ഘട്ടത്തില്‍ നടക്കും. വടക്കുനിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായ പലസ്തീന്‍കാര്‍ക്ക് സ്വദേശത്തേക്കു മടങ്ങാന്‍ അവസരമൊരുങ്ങും. ഗാസയിലേക്ക് കൂടുതല്‍ ജീവകാരുണ്യസഹായമെത്തും. വെടിനിര്‍ത്തല്‍ നിലവില്‍വന്ന് ഏഴുദിവസത്തിനുശേഷം ഈജിപ്തിലേക്കുള്ള റാഫാ കവാടം തുറക്കും. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഫിലഡല്‍ഫി ഇടനാഴിയില്‍ തങ്ങുന്ന ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങും. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടത്തിന്റെ ചര്‍ച്ചകള്‍ ആരംഭിക്കും.
  2. എന്തുസംഭവിക്കും എന്നകാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, പുരുഷന്മാരായ ബന്ദികളുടെ മോചനം ഈ ഘട്ടത്തില്‍ ഉണ്ടാകുമെന്നു കരുതുന്നു.
  3. ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടകാര്യങ്ങളാകും മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഉണ്ടാവുക. ബാക്കി ബന്ദികളുടെ മോചനവും ഈ ഘട്ടത്തിലാകും. ഗാസ ആരു ഭരിക്കണമെന്ന തീരുമാനമുണ്ടാകേണ്ടതും ഈ ഘട്ടത്തിലാണ്.