
ജോസ് തെറ്റയിൽ
(മുൻ മന്ത്രി)
അടിയന്തിരാവസ്ഥ കാലത്ത് ഞങ്ങൾ പ്രസിദ്ധീകരിച്ചതും രഹസ്യമായി വിതരണം ചെയ്തിരുന്നതുമായ ലഘു ലേഖയുടെ കോപ്പിയാണിത്. അതിൽ കാണിച്ചിരിക്കുന്ന icon ഞങ്ങളുടെ തിരിച്ചറിയൽ ചിഹ്നമായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കെതിരായി പ്രവർത്തിച്ചതിന് ഞങ്ങളുടെ കൂട്ടുകാർ ജയിലിലായി. സോഷ്യലിസ്റ്റ് പാർട്ടിക്കാരനായിരുന്ന എന്റെ അമ്മാവനോടൊപ്പം പ്രവർത്തിച്ചിരുന്ന കെ.പി. ജോബിനെയും ഈയാൻ ദേവസിയെന്ന് വിളിച്ച് വന്നിരുന്ന തോട്ടുങ്ങൽ ദേവസിയേയും എറണാകുളത്ത് എ.കെ.ജി.യോടൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് പോലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്ത് കേസെടുത്തു.
എം.ഏ.ജോൺ , പി.രാജൻ [മാതൃഭൂമി ], പി.ടി. ദേവസിക്കുട്ടി, എസ്.കെ.മാധവൻ തുടങ്ങിയസുഹൃത്തുക്കൾ പലരും ജയിലിലടക്കപ്പെട്ടു.
ഞങ്ങൾ (പി. ആർ. വർഗ്ഗീസ്, പൗലോസ് പള്ളിപ്പാട്ട്, വർഗീസ് തച്ചിൽ, പി.ടി. പൗലോസ്, ജോസ് പാലാട്ടി തുടങ്ങി 15 ലധികം പ്രവർത്തകർ ] അങ്കമാലി ടൗണിലാണ് പ്രകടനം നടത്തിയത്. ഇന്ദിരയുടെ അടിയന്തിരം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ചുമർ പോസ്റ്ററുകളും പ്ലക്കാർഡുകളുമായിരുന്നു ഉപാധികൾ.
പോലീസ് വിവരം അറിഞ്ഞു വന്നപ്പോഴേയ്ക്കും പ്രകടനം അവസാനിച്ചതിനാൽ ഞങ്ങളെ അറസ്റ്റ് ചെയ്യാൻ കിട്ടിയില്ല. പി.ഏ. മത്തായിയും [ജോസഫൈന്റെ ഭർത്താവ് ]ഞാനുമാണ് നേതൃത്വം നൽകിയത്.
ഇതിനിടയിൽ കോൺഗ്രസിന്റെ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന പി. ഏ മത്തായിയും അങ്കമാലി യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിന്റായിരുന്ന ഞാനും ജയപ്രകാശ് നാരായൺ നടത്തിയ സമ്പൂർണ്ണ വിപ്ലവ പരിപാടിയുടെ ഭാഗമായി എറണാകുളത്തെ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ഞങ്ങളെ രണ്ടു പേരേയും ഇതിനകം കോൺഗ്രസ്സിൽ നിന്നും ഏ. കെ.ആന്റണി പുറത്താക്കിയിരുന്നു.
ജനാധിപത്യ വിരുദ്ധവും ഭരണഘടനയുടെ വ്യവസ്ഥകളുടെ ദുരുപയോഗവും നടത്തിയ ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിനെതിരെ രാജ്യത്തിലലയടിച്ച ജനകീയ സമര പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞ ഒരു പൗരനെന്നതിൽ ജീവിതത്തിലെ ഏറ്റവും മഹത്തായ പ്രവർത്തനമെന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു.
തുടർന്നിപ്പോൾ മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടനാ- ജനാധിപത്യ മര്യാദകളുടെ ലംഘനവും ഏകാധിപത്യ – മതാധിഷ്ഠിത പ്രവർത്തനങ്ങളും ചെറുക്കപ്പെടേണ്ടതാണ്. അതിനായി ഭാരതമൊട്ടാകെ നടന്നു വരുന്ന പ്രവർത്തനങ്ങൾക്കു ശക്തി പകരാൻ നാം ശ്രമിക്കേണ്ട കാലമാണിത്.




