രോഗബാധിതരാകുന്നത് ഔദ്യോഗികമായി നിരോധിച്ചുകൊണ്ട് ഉത്തരവ്; പിന്നിലെ കാരണം വ്യക്തമാക്കി മേയര്‍

തെക്കൻ ഇറ്റലിയിലെ കാലാബ്രിയയിലെ ബെല്‍കാസ്ട്രോയില്‍ രോഗബാധിതരാകുന്നത് ഔദ്യോഗികമായി നിരോധിച്ചു. മേയർ അന്‍റോണിയോ ടോർച്ചിയ പുറപ്പെടുവിച്ച അസാധാരണമായ ഈ ഉത്തരവ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിയിരിക്കുകയാണ്.

മേയറുടെ അറിയിപ്പ് അനുസരിച്ച്‌, ഇവിടുത്തെ താമസക്കാർക്ക് ആർക്കും അസുഖങ്ങള്‍ വരാൻ പാടില്ല. പ്രത്യേകിച്ച്‌ വൈദ്യ സഹായം ആവശ്യമുള്ള രോഗങ്ങള്‍. കേള്‍ക്കുമ്ബോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ആരും പ്രതീക്ഷിക്കാത്ത ഒന്ന് ആ ഉത്തരവിന് പിന്നിലുണ്ട്. അത് വ്യക്തമാക്കിക്കൊണ്ട് മേയർ തന്നെ ഒടുവില്‍ രംഗത്തെത്തി.

‘നഗരത്തിലെ ആരോഗ്യ സേവനങ്ങളുടെ മോശം അവസ്ഥ ഉയർത്തിക്കാട്ടുക’ എന്നതാണ് അസംബന്ധമെന്ന് തോന്നുന്ന ഈ ഉത്തരവിന് പിന്നിലെ മേയറുടെ ഉദ്ദേശമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ബെല്‍കാസ്ട്രോയിനില്‍ ഏകദേശം 1,300 ആളുകള്‍ താമസിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്. കടുത്ത ആരോഗ്യ സംരക്ഷണ വെല്ലുവിളികള്‍ നേരിടുന്നവർ. എന്നാല്‍, പട്ടണത്തിലെ ഏക ആരോഗ്യ കേന്ദ്രം ഭൂരിഭാഗം ദിവസങ്ങളിലും അടഞ്ഞു കിടക്കുകയാണ് പതിവ്. അവധി ദിവസങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ രാത്രി സമയങ്ങളിലോ വൈദ്യസഹായം ലഭ്യമാക്കുന്നത് പൂർണ്ണമായും ഇവിടെ അസാധ്യമാണ്. 45 കിലോമീറ്റർ അകലെ കാറ്റൻസാരോയിലാണ് ഏറ്റവും അടുത്തുള്ള അടിയന്തര സൗകര്യം. ഗുരുതരമായ ഈ ആരോഗ്യ പ്രതിസന്ധിയിലേക്ക് വെളിച്ചം വീശുന്നതിനായാണ് ഇത്തരത്തില്‍ ഒരു വിചിത്രമായ ഉത്തരവ് താൻ പുറപ്പെടുവിച്ചത് എന്നാണ് മേയർ ടോർച്ചിയ അഭിപ്രായപ്പെടുന്നത്

ഇത്തരത്തില്‍ ഒരു നിരോധനം നടപ്പിലാക്കിയതിനാല്‍, ഇനി മുതല്‍ ബെല്‍കാസ്ട്രോയിലെ പൗരന്മാർ അല്പം ജാഗ്രത പാലിക്കണമെന്നും മേയർ നിർദ്ദേശിച്ചു. അതിനാല്‍ യാത്ര, കായിക പ്രവർത്തികള്‍, അല്ലെങ്കില്‍ അപകടകരമായ ജോലികളില്‍ ഏർപ്പെടല്‍ തുടങ്ങിയ പരിക്കുകളേല്‍ക്കാനോ അസുഖങ്ങളിലേക്കോ നയിച്ചേക്കാവുന്ന പ്രവർത്തനങ്ങള്‍ ഒഴിവാക്കണമെന്നും മേയർ പൗരന്മാരോട് അഭ്യർത്ഥിച്ചു. എന്നാല്‍, ഈ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. പ്രാദേശിക – ആരോഗ്യ കേന്ദ്രം സ്ഥിരമായി പ്രവർത്തിക്കുന്നത് വരെ ഈ ഉത്തരവ് നിലനില്‍ക്കുമെന്ന് മാത്രം.

ഉത്തരവിനെ ചോദ്യം ചെയ്തവരെ ഒരാഴ്ചത്തേക്ക് തങ്ങളുടെ പട്ടണത്തില്‍ വന്ന് താമസിക്കാൻ മേയർ ക്ഷണിച്ചു. ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായാല്‍ കൃത്യസമയത്ത് കാറ്റൻസാരോയിലെത്തുക എന്നതാണ് ഏക പ്രതീക്ഷയെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഇല്ലാതെ ഇനിയും മുന്നോട്ട് പോവുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ രാജ്യത്തെ ഭരണാധികാരികള്‍ തങ്ങളുടെ പട്ടണത്തിന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കാലാബ്രിയയിലെ ബെല്‍കാസ്ട്രോ, യുവ തലമുറകള്‍ നഗര കേന്ദ്രങ്ങളിലേക്ക് കുടിയേറുന്നതിനാല്‍ ഇവിടുത്തെ ജനസംഖ്യ ഓരോ വർഷവും കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നത് പ്രായമായ ആളുകള്‍ മാത്രമാണ്. ദുർഘടമായ ഭൂപ്രകൃതിക്കും സാമൂഹിക – സാമ്ബത്തിക വെല്ലുവിളികള്‍ക്കും പേരുകേട്ട കാലാബ്രിയയില്‍, സാമ്ബത്തിക പ്രതിസന്ധികളെ തുടർന്ന് 2009 മുതല്‍ 18 ആശുപത്രികള്‍ അടച്ചുപൂട്ടിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍, ഈ നഗരങ്ങളും ഈ ഗ്രാമങ്ങളും 10 വർഷത്തിനുള്ളില്‍ മരിക്കും എന്നാണ് മേയർ ടോർച്ചിയ പറയുന്നത്.