പീച്ചി ഡാം റിസർവോയറില്‍ വീണ നാല് വിദ്യാർത്ഥിനികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്.
ചികിത്സയില്‍ കഴിയുന്ന മൂന്നുപേരില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. സഹോദരി: ക്രിസ്റ്റീന.
ഞായറാഴ്ച വൈകിട്ട് മൂന്നോടെ തെക്കേക്കുളം ഭാഗത്താണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആൻ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജൻ (16), മുരിങ്ങത്തുപറമ്ബില് ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിൻ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
നാലുപേരും തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേർ.
പള്ളിപ്പെരുന്നാള് ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയതായിരുന്നു മൂന്നു പെണ്‍കുട്ടികളും. തുടർന്ന് ഇവർ റിസർവോയർ കാണാൻ പോയപ്പോഴാണ് അപകടത്തില്‍പെട്ടത്. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.



