എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വർണവും എട്ടരലക്ഷം രൂപയും കവർന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി.
നടന്നത് കവർച്ചാനാടകമാണെന്നും പോലീസ് പറഞ്ഞു. ആഭിചാരക്രിയ ചെയ്യുന്ന തൃശ്ശൂർ ചിറമങ്ങാട് സ്വദേശി അൻവറാണ് വീട്ടില്‍ അനർഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് കവർച്ച നടത്തിയത്. കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പടലക്കാട്ടില്‍ ഉസ്താദ് എന്നറിയപ്പെടുന്ന അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ആറാം തീയതിയാണ് ആലുവ കാസിനോ തീയറ്ററിനു പിറകിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്. പകല്‍ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ടുപൊളിച്ച് 40 പവനോളം സ്വർണവും എട്ടുലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തിയത്. ആലുവ ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പരാതി ലഭിച്ച ഉടനെ പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തില്‍ കവർച്ച ‘നാടക’മാണെന്ന് മനസിലായി. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതില്‍നിന്ന് ആഭിചാരക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭർത്താവിനും മക്കള്‍ക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു. അൻവറിന്റെ നിർദേശ പ്രകാരമാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതും വീട്ടില്‍ കവർച്ച നടന്ന രീതിയില്‍ ചിത്രീകരിച്ചതും. സ്വർണവും പണവും കിട്ടിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു,
രണ്ടുവർഷം മുൻപ് ഒരു ബന്ധുവഴിയാണ് ഗൃഹനാഥ, അൻവറിനെ കാണാനെത്തിയത്. ഇവരുടെ വീട്ടിലെ വിവരങ്ങള്‍ അൻവർ ചോദിച്ചറിയുകയായിരുന്നു. പഴയകെട്ടിടങ്ങള്‍ പൊളിക്കുന്ന ജോലി ചെയ്യുന്നയാളാണ് ഗൃഹനാഥയുടെ ഭർത്താവ്. ഇവരുടെ വീട്ടില്‍ ധാരാളം പണമുണ്ടെന്നും അൻവർ മനസ്സിലാക്കി. തുടർന്ന് ലൈലയെ കൊണ്ട് സ്വന്തംവീട് കവർച്ച ചെയ്യിക്കുകയായിരുന്നു. എങ്ങനെ കവർച്ച നടത്തണം എന്ന് അൻവർ, ലൈലയെ പഠിപ്പിച്ചു.
പല തവണയായാണ് മോഷണം നടത്തിയത്. അവസാനം, കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുള്‍പ്പെടെ പഠിപ്പിക്കുകയും ഗൃഹനാഥ അങ്ങനെ ചെയ്യുകയും ചെയ്തു. മോഷണവിവരത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സാധാരണ കവർച്ചക്കാർ തകർക്കുന്ന വിധത്തിലായിരുന്നില്ല വാതില്‍ പൊളിച്ചിരുന്നത്. മാത്രമല്ല, തകർത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചല്ല കവർച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു. ശേഷം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. തുടർന്ന് നടത്തിയ നിരീക്ഷണത്തിലും ചോദ്യംചെയ്യലിലുമാണ് മോഷണം നടത്തിയത് ഗൃഹനാഥയാണെന്ന് വ്യക്തമാകുന്നത്.
പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നല്‍കിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിന്റെ നിർദ്ദേശപ്രകാരം കവർച്ചാ നാടകം നടത്തിയത്. ഇയാളെ വീട്ടമ്മ അന്ധമായി വിശ്വസിച്ചിരുന്നു. പണവും സ്വർണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകള്‍ പ്രതികൂലമാകുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വർണവും പണവും അൻവറിന്റെ കളമശേരിയിലെ വീട്ടില്‍ തവണകളായി എത്തിച്ചത്.
വീട്ടില്‍ പണവും സ്വർണവും തീർന്നപ്പോഴാണ് കവർച്ചാനാടകം നടത്താൻ ഉപദേശിച്ചത്. വാതില്‍ പുറമെനിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാള്‍ നിർദേശിച്ചു. അതിൻ പ്രകാരമാണ് വീട്ടമ്മ ചെയ്തത്. അൻവറിനെക്കുറിച്ചും, ഇയാളുടെ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ കെ.നന്ദകുമാർ, എസ്. ശ്രീലാല്‍, എം.സി. ഹരീഷ്, അരുണ്‍ ദേവ്, ചിത്തുജി, സിജോ ജോർജ്, എ.എസ്.ഐ വിനില്‍കുമാർ, എസ്.സി.പി.ഒ. നവാബ്, സി.പി.ഒമാരായ പി.എ. നൗഫല്‍, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



