നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂര്‍ റിമാൻ്റില്‍

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച്‌ കോടതി. ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായി, റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിലേക്ക് എത്തിക്കും.

14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രല്‍ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയില്‍ ഹാജരായി. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയില്‍ നടന്നത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നല്‍കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചു.

മുഴുനീളം സമൂഹമാധ്യമങ്ങളില്‍, വാർത്തകളില്‍ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നല്‍കുകയാണെന്നും ആരോപിച്ചു. എന്നാല്‍, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശരീരത്തില്‍ പരിക്കുണ്ടോയന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം മുമ്ബ് വീണിരുന്നുവെന്നും അതിന്‍റെ പരിക്കുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അള്‍സര്‍ രോഗിയാണ് താനെന്നും ബോബി പറഞ്ഞു.

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നല്‍കരുതെന്നും വാദിച്ച പ്രോസിക്യൂഷൻ ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്നും ചൂണ്ടിക്കാട്ടി. പരാതിയില്‍ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.എന്നാല്‍, ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പ്രതിഭാഗത്തോട് വാദം തുടരാനും ആവശ്യപ്പെട്ടു. വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ആയിരുന്നു അഡ്വ. രാമൻപിള്ളയുടെ വാദം.

ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. രാത്രി കൊച്ചി സെൻട്രല്‍ സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായ സമയം മുതല്‍ തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ഇന്ന് 12 മണിയോടെ കോടതിയിലെത്തിക്കുന്ന സമയത്തും മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. അതേ സമയം വിധി വന്ന നേരത്ത് ബോബി പ്രതിക്കൂട്ടില്‍ തളർന്നിരുന്നു. രക്തസമ്മർദ്ദം ഉയർന്ന ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാൻ അനുവദിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യ പരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജയിലിലേക്ക് എത്തിക്കുക.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഹണി വ്യക്തമാക്കി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും