റായ്പൂർ: യേശുക്രിസ്തുവിനെതിരെ പ്രസംഗത്തില്‍ മോശം പരാമർശം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ കേസ്. ഛത്തീസ്ഗഢിലെ ജാഷ്പൂർ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അനില്‍കുമാർ ചൗഹാനാണ് ബിജെപി എംഎല്‍എ ആയ രായമുനി ഭഗത്തിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നല്‍കിയത്.
നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്ക് കോടതി സമൻസ് അയച്ചു.
2024 സെപ്റ്റംബർ ഒന്ന് ദേഖ്‌നി ഗ്രാമത്തില്‍ പ്രാദേശിക ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് രായമുനി ഭഗത്ത് യേശുവിനെതിരെ മോശം പരാമർശം നടത്തിയത്. ഇതിനെതിരെ ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് എസ്പിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് മനുഷ്യച്ചങ്ങല അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും പൊലീസ് അനങ്ങിയില്ല. തുടർന്നാണ് അഭിഭാഷകനായ വിഷ്ണു കുല്‍ദീപ് മുഖേന ഹെർമൻ കുജൂർ എന്നയാള്‍ കോടതിയെ സമീപിച്ചത്.
എംഎല്‍എയുടെ പ്രസംഗം വർഗീയ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.




