ചെന്നൈ: തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തില്‍ കാണിക്കയിടുന്നതിനിടെ ഹുണ്ടികയില്‍വീണ ഐഫോണ്‍ ഒടുവില്‍ ഭക്തന് തിരികെ ലഭിച്ചു.
ഫോണിന്റെ ഉടമ ദിനേശ് ബുധനാഴ്ച എത്തിയപ്പോള്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമപ്രകാരം ലേലത്തിലൂടെമാത്രമേ ഐഫോണ്‍ കൈമാറാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന്, ഫോണ്‍ ലേലത്തിനുവെച്ചു. 10,000 രൂപ നല്‍കി ദിനേശ് തന്റെ ഐഫോണ്‍ വീണ്ടും സ്വന്തമാക്കി. ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ദിനേശിന് ഫോണ്‍ ലഭിച്ചത്.
ക്ഷേത്ര ഹുണ്ടികയില്‍ വീഴുന്ന എന്തും ദൈവത്തിന്റെ സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഫോണ്‍ തിരികെനല്‍കാന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചത്.
രണ്ടുമാസംമുന്‍പാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ അബദ്ധത്തില്‍ ഐഫോണ്‍ ഹുണ്ടികയില്‍ വീഴുകയായിരുന്നു. ഫോണ്‍ വീണ്ടെടുക്കാന്‍ ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോള്‍ ഡിസംബര്‍ 19-ന് ഹുണ്ടിക തുറക്കുമ്പോള്‍ വരാനാവശ്യപ്പെട്ടു.
എന്നാല്‍, ദിനേശിന് ഫോണ്‍ നല്‍കിയില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ട് ദേവസ്വംമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു.




