നിലമ്പൂർ:സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്പൂർ കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 12 മണിയോടെയാണ് മണിക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. മണിയുൾപ്പെടെ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആറ് പേർ ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ച് പേർ ഓടി രക്ഷപ്പെട്ടെങ്കിലും മണിയെ ആന ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വിട്ടു നൽകും.
വനത്തിന് ഉൾഭാഗത്താണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾ ധാരാളമുള്ള പ്രദേശത്താണ് ചോലനായ്ക്കർ വിഭാഗം താമസിച്ചുവരുന്നത്. കൃത്യമായി വീടുൾപ്പെടെ ഇല്ലാതെ, പാറക്കെട്ടിലും, ഗുഹകളിലുമാണ് ചോലനായ്ക്കർ വിഭാഗത്തിലെ ജനങ്ങൾ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാരുൾപ്പെടെ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വളരെ ചുരുങ്ങിയ കുടുംബങ്ങൾ മാത്രമാണ് പ്രദേശത്ത് കഴിയുന്നത്.
അതേസമയം വനം വന്യജീവി വകുപ്പിൻ്റെ കണക്കനുസരിച്ച് ഏറ്റവുമധികം ആളുകൾ വന്യജീവി അക്രമണത്തിൽ കൊല്ലപ്പെട്ടത് 2023-24 കാലയളവിലാണ്. 184 പേർക്കാണ് ഈ കാലയളവിൽ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 1773 പേർക്ക് പരുക്കേറ്റു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇടുക്കിയിലാണ്. ഒരു വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത് 7 പേർ. ഗുരുതരമായി പരിക്കേറ്റവരും നിരവധി.
——————




