ഉമ തോമസിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി ; ഡോക്ടർമാരോടും മക്കളോടും സംസാരിച്ചു

കൊച്ചി:പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ഇന്ന് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു.

ശ്വാസകോശത്തിന്റെ നില തൃപ്തികരമാണെന്നും അപകടനില പൂര്‍ണമായി തരണം ചെയ്യാത്തതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടിന് മാറ്റമില്ല. എങ്കില്‍കൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാലും കൗണ്ടുകളും വൈറ്റല്‍സും സ്റ്റേബിളായി തുടരുന്നതിനാലുമാണ് വെന്റിലേറ്ററില്‍ നിന്നും മാറ്റി തീവ്രപരിചരണം തുടരാന്‍ വിദഗ്ധസംഘം തീരുമാനിച്ചത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മക്കള്‍ക്ക് കുറിപ്പെഴുതുകയും ചെയ്തു തൃക്കാക്കര എംഎല്‍എ ഉമ തോമസ്.

‘എല്ലാ സാധനങ്ങളും വാരിക്കൂട്ടണം’ എന്നാണ് കുറിപ്പ്. വാടക വീട്ടിലാണ് എംഎല്‍എ നിലവില്‍ താമസിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വാടക വീട്ടിലേക്ക് മാറിയത്. സ്വന്തം വീട്ടിലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് കുറിപ്പിലുള്ളത്.
ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു.

ഡിസംബര്‍ 29ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.

അതേസമയം, കലൂര്‍ സ്റ്റേഡിയം ‘മൃദംഗനാദം മൃദംഗവിഷന്‍’ മെഗാ ഭരതനാട്യം പരിപാടിക്ക് വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കൊച്ചി സ്വദേശി വിജിലന്‍സിന് പരാതി നല്‍കി. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നുമാണ് പരാതി. എന്നാല്‍, എസ്റ്റേറ്റ് കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമല്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പ്പിള്ള പറഞ്ഞു. പരാതി വിജിലന്‍സ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രന്‍പ്പിള്ള അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചര്‍ച്ചയ്ക്ക് ശേഷമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
———

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും