ബീജാപൂരില്‍ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ സെപ്റ്റിക് ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നിർമ്മാണ ക്രമക്കേടുകളെക്കുറിച്ചുള്ള അഴിമതി പുറത്തുവിട്ട മുകേഷ് ചന്ദ്രാകറിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു.
നിർമ്മാണ ക്രമക്കേടുകളെക്കുറിച്ചുള്ള അഴിമതി മുകേഷ് ചന്ദ്രാകർ പുറത്തുവിട്ടിരുന്നതായും അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഒന്നിലധികം പ്രതികളെ കസ്റ്റഡിലിലെടുത്തിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ പ്രദേശം തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യവും ബാഡ്മിന്റണ്‍ കോർട്ടും ആയിരുന്നുവെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഒന്നിന് വൈകുന്നേരമാണ് മുകേഷിനെ അവസാനമായി കണ്ടതെന്ന് അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ യുകേഷ് ചന്ദ്രകർ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. ചാത്തൻപാറ ബസ്തിയിലെ കരാറുകാരൻ സുരേഷ് ചന്ദ്രക്കറുടെ വസ്തുവില്‍ നിന്ന് മുകേഷിൻ്റെ മൃതദേഹം അധികൃതർ കണ്ടെത്തുകയായിരുന്നു.
ഗംഗളൂരില്‍ നിന്ന് നെലസനാർ ഗ്രാമത്തിലേക്ക് റോഡ് പണിതതില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുകേഷ് അടുത്തിടെ പുറത്തുവിട്ടിരുന്നു. 2021ല്‍ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സി.ആർ.പി.എഫ് അംഗങ്ങളെ മോചിപ്പിക്കുന്നതില്‍ മുകേഷ് ചന്ദ്രക്കർ നിർണായക പങ്കുവഹിച്ചിരുന്നു.
പത്തുവർഷത്തെ പത്രപ്രവർത്തന പരിചയമുള്ള മുകേഷ് പ്രമുഖ ദേശീയ വാർത്താ ശൃംഖലയുടെ റിപ്പോർട്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാനവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘർഷത്തിൻ്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ പ്രദർശിപ്പിച്ചിരുന്നു. ആദിവാസി സമൂഹത്തിന് പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ പെതു ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു അദ്ദേഹം.




