വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പള്ളിവിട്ടിറങ്ങാതെ വിമത വൈദികര്‍. വിലക്ക് ലഭിച്ച വൈദികര്‍ കാര്‍മ്മികത്വം വഹിക്കുന്ന വിവാഹം ഉള്‍പ്പടെയുള്ള കൂദാശകള്‍ അസാധുവായിരിക്കുമെന്ന് അതിരൂപത

കോട്ടയം: കാനന്‍ നിയമപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പള്ളിവിട്ടറിങ്ങാത്ത വൈദികര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

വിമതരുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ വിശ്വസികള്‍ക്കു മുന്നറിയിപ്പുമായി എറണാകുളം – അങ്കമാലി അതിരൂപത.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തറ സെന്റ് മേരീസ് ഫൊറോന പള്ളി മുന്‍വികാരി ഫാ. ജോഷി വേഴപറമ്ബില്‍, പാലാരിവട്ടം മാര്‍ട്ടിന്‍ ഡി പോറസ് പള്ളി മുന്‍വികാരി ഫാ. തോമസ് വാളൂക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണി- മാതാ പള്ളി മുന്‍വികാരി ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്ക് എറണാകുളം – അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വൈദികനടുത്ത എല്ലാ ചുമതലകളില്‍നിന്നും ഡിസംബര്‍ 22 ന് കാനന്‍ നിയമപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, വിലക്കേര്‍പ്പെടുത്തിയിട്ടും അനധികൃതമായി പള്ളികളില്‍ തുടരുന്ന വൈദികര്‍ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഇതോടെ രൂപതയുടെ നിലപാട് വ്യക്തമാക്കി എറണാകുളം അങ്കമാലി അതിരൂപത പി.ആര്‍.ഒ ഫാ.ജോഷി പുതുവ വിശ്വാസികള്‍ക്കായി നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

വിലക്കപ്പെട്ട വൈദികര്‍ പരികര്‍മ്മം ചെയ്യുന്ന കൂദാശകള്‍ക്കോ കൂദാശാനുകരണങ്ങള്‍ക്കോ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനായി മറ്റ് ഇടവകകളിലേക്ക് നല്‍കുന്ന കുറികള്‍, കത്തുകള്‍ എന്നിവയ്‌ക്കോ നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.

വിലക്ക് ലംഘിച്ച്‌ ഇവരുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന വിവാഹം ഉള്‍പ്പടെയുള്ള കൂദാശകള്‍ അസാധുവായിരിക്കും.

വിലക്കുകള്‍ ലംഘിച്ച്‌ പ്രസ്തുത വൈദികര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മേല്‍പറഞ്ഞ ഇടവകകളിലെ വിശ്വാസികള്‍ക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പം ദുരീകരിക്കുന്നതിനുവേണ്ടിയുമാണ് ഈ വിശദീകരണ ഇറക്കേണ്ടി വന്നതെന്നും ഫാ. ജോഷി പുതുവയുടെ കുറിപ്പിലുണ്ട്.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതു സംബന്ധിച്ച അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ ലംഘിച്ചതിനാണ് വൈദികര്‍ക്കെതിരെ നടപടിയെടുത്തത്.

തൃക്കാക്കര വിജോഭവന്‍, പൊതി സാന്തോം ഭവന്‍, കലൂര്‍ റിന്യൂവല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. ഇതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്കു നീങ്ങും എന്ന മുന്നറിയിപ്പും നല്‍കിയുന്നു.

പക്ഷേ, വിമതര്‍ തങ്ങളുടെ മുന്‍ നിലപാടുകള്‍ തുടരുകയും കാനന്‍ നിയമത്തെ വെല്ലുവിളിക്കുകയുമാണു ചെയ്തത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി വിട്ടിറങ്ങാന്‍ ഫാ. വര്‍ഗീസ് മണവാളന്‍ തയാറല്ല. ഇതോടെ ഫാ. വര്‍ഗീസ് മണവാളനെതിരെ ഇതുവരെ എടുത്തിട്ടുള്ള നടപടികള്‍ എറണാകുളം അങ്കമാലി രൂപതയക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള പ്രത്യേക ട്രൈബ്യൂണലിലേക്ക് കൈമാറിയിട്ടുള്ളതായി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കിയിരുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു